വിദ്യാര്‍ഥിയുടെ സാന്നിധ്യത്തില്‍ പുന:പരിശോധനക്ക് വിധി
കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ പേപ്പറുകളുടെ പുന:പരിശോധന വിദ്യാര്‍ഥിയുടെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.
തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന രൂപാ രാജന്റെ പരീക്ഷാ പേപ്പറുകള്‍ പുന:പരിശോധന നടത്താനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 1999ലെ പരീക്ഷയില്‍ 570 മാര്‍ക്ക് വാങ്ങിയ രൂപാ രാജന് നേരത്തെ നടത്തിയ പുന:പരിശോധനയില്‍ 10 മാര്‍ക്ക് കൂടുതല്‍ കിട്ടിയിരുന്നു. എന്നാല്‍ പുന:പരിശോധനയിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രൂപാ രാജന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി അസാധാരണമായ വിധി പുറപ്പെടുവിച്ചത്.
പുനര്‍ മൂല്യനിര്‍ണയം നടത്തിയത് ഉത്തരസൂചികയനുസരിച്ചല്ലെന്നാണ് രൂപാ രാജന്റെ പരാതി. പുനര്‍ മൂല്യനിര്‍ണയം നടത്തിയ രണ്ട് പേരില്‍ ഒരാള്‍ ഒരു പേപ്പറില്‍ മുഴുവന്‍ മാര്‍ക്കും നല്‍കിയപ്പോള്‍ രണ്ടാമത്തെ പരിശോധകന്‍ മാര്‍ക്ക് കുറക്കുകയാണ് ചെയ്തത്.
മുഴുവന്‍ മാര്‍ക്ക് നല്‍കിയ പരിശോധകന്‍ അതിന്റെ കാരണം റീവാല്വേഷന്‍ ചാര്‍ട്ടില്‍ വ്യക്തമായി പറയുമ്പോള്‍ മാര്‍ക്ക് കുറച്ചയാള്‍ ഉത്തരസൂചികയനുസരിച്ച് മാര്‍ക്ക് കുറച്ചതിന്റെ കാരണമെന്തെന്ന് പറയുന്നില്ല. ഈ അപാകത ചൂണ്ടിക്കാട്ടിയാണ് രൂപാ രാജന്‍ പരാതി നല്‍കിയത്. രൂപാ രാജന്റെ ആവശ്യമനുസരിച്ച് നേരത്തെ ഉത്തരക്കടലാസുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
വിദ്യാര്‍ഥിയുടെ സാന്നിധ്യത്തില്‍ തന്നെ പുനര്‍ മൂല്യനിര്‍ണയം നടത്തണമെന്ന് വിധിച്ച കോടതി ഉത്തരസൂചികയനുസരിച്ചല്ല മൂല്യനിര്‍ണയമെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടണമെന്നും നിര്‍ദേശിച്ചു.
1999ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് മാര്‍ക്ക് 591 ആണ്.












Click it and Unblock the Notifications