സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു. സംസ്ഥാനത്തിന് നല്‍കിയ ഭീമമായ തുകയുടെ വായ്പയാണ് ബാങ്കുകളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വായ്പയുടെ ചെറിയൊരു ശതമാനമെങ്കിലും തിരിച്ചുകിട്ടിയില്ലെങ്കില്‍ പൂട്ടേണ്ടി വരുന്ന അവസ്ഥയിലാണ് സഹകരണ ബാങ്കുകള്‍.
2045 കോടി രൂപയാണ് സംസ്ഥാനത്തിന് സംസ്ഥാന സഹകണ ബാങ്കും ജില്ലാ ബാങ്കുകളും നല്‍കിയത്. വായ്പയുടെ ചെറിയ ഭാഗം പോലും സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ച നടപടി സഹകരണബാങ്കുകള്‍ക്ക് കെണിയാവുകയായിരുന്നു.
അതേ സമയം സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുകയാണ്. ജീവനക്കാര്‍ക്ക് ക്രിസ്മസ് അഡ്വാന്‍സും ശമ്പളവും മറ്റും നല്‍കാന്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ ഉടനെ തിരിച്ചടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ഇതിനിടയില്‍ 125 കോടി രൂപ സമാഹരിച്ച് സഹകരണമേഖലയില്‍ ഇന്‍ഷ്വറന്‍സ് കമ്പനി ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇടപാടുകാരുടെ പണം തന്നെ കൊടുത്തു തീര്‍ക്കാന്‍ എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യമാണ് സഹകണ ബാങ്കുകള്‍ക്ക് ഉന്നയിക്കാനുള്ളത്.












Click it and Unblock the Notifications