പറശ്ശിനിക്കടവ്: കുറ്റക്കാരെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തിലെ ജീവികള്‍ മരിക്കാനിടയായത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്ന് തെളിയുകയാണെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി പി.കെ.നാണു നിയമസഭയില്‍ പറഞ്ഞു.പാമ്പുവളര്‍ത്തു കേന്ദ്രത്തിലെ ജീവികളെ പിടിച്ചുകെട്ടിയത് നിയമപരമായി വനം വകുപ്പിന് മറ്റൊരു മാര്‍ഗവും സ്വീകരിക്കാനില്ലെന്നതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. ജീവികള്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമമനുസരിച്ചുള്ള രേഖകളില്ലാതെ വന്യജീവികളെ പാമ്പുവളര്‍ത്തു കേന്ദ്രത്തില്‍ സൂക്ഷിച്ചതുകൊണ്ടാണ് ജീവികളെ പിടിച്ചുകെട്ടിയത്.
സംഭവത്തെ കുറിച്ച് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്മേല്‍ വിധി വന്നതിനു ശേഷം സര്‍ക്കാര്‍ ജീവികള്‍ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് പരിശോധിക്കും. ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവും.
കേന്ദ്ര മൃഗശാല അതോറിറ്റിയുടെ താത്പര്യപ്രകാരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
ദാക്ഷിണ്യമില്ലാതെ ജീവികളെ മാറ്റിയതുകൊണ്ടാണ് ജീവികള്‍ മരിക്കാനിടയായതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നാല് മൃഗഡോക്ടര്‍മാര്‍ പാമ്പുവളര്‍ത്തു കേന്ദ്രത്തില്‍ അപ്പോള്‍ സന്നിഹിതരായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവികളെ മാറ്റുന്നതിനു മുമ്പ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് നല്‍കിയിരുന്നു.
എം.വി.രാഘവനോടുള്ള രാഷ്ട്രീയപക തീര്‍ക്കാനാണ് ജീവികളെ പിടിച്ചുകെട്ടിയതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനില്‍ നിന്നും മതിയായ ലൈസന്‍സ് കിട്ടാതെ രാഘവന് മൃഗങ്ങളെ സൂക്ഷിക്കാന്‍ അധികാരമില്ല. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മതിയായ സമയം നല്‍കിയതിനു ശേഷം മാത്രമാണ് പാമ്പുവളര്‍ത്തു കേന്ദ്രത്തില്‍ നിന്ന് ജീവികളെ നീക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications