ദൈവപുത്രന്‍ പിറന്നു, ഇന്ന് ക്രിസ്മസ്
ബാംഗ്ലൂര്‍:ലോകത്തിനാകെ സന്തോഷത്തിന്റെ വാര്‍ത്തയുമായി ഒരു ക്രിസ്മസ് കൂടി. മനുഷ്യരാശിയുടെ രക്ഷയ്ക്കായി 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് യേശു എന്ന രക്ഷകന്‍ പിറന്നതിന്റെ ഓര്‍മ്മ. ലോകത്തെങ്ങും ഡിസംബര്‍ 25 തിങ്കളാഴ്ച ക്രിസ്മസ് ആഘോഷിക്കുകയാണ്. തിരുജനനത്തിന്റെ ദിനത്തില്‍ ആത്മവിശുദ്ധീകരണം ലക്ഷ്യമാക്കി.
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രന്‍ മനുഷ്യരൂപം പൂണ്ട് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നുവീണ ആഹ്ലാദമുഹൂര്‍ത്തം ആഘോഷിക്കാന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഡിസംബര്‍ 24 ഞായറാഴ്ച മുതലേ പ്രത്യേക ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പാതിരാ കുര്‍ബാനയുടെ മദ്ധ്യത്തില്‍ ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു കൊണ്ട് പള്ളികള്‍ക്കുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച പുല്‍ക്കുടിലിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുന്നില്‍ ശുശ്രൂഷാ ചടങ്ങുകള്‍ നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പാതിരാകുര്‍ബാന അര്‍പ്പിച്ചു.
തിങ്കളാഴ്ച ആഘോഷത്തിന്റെ ദിനമാണ്. ആഹ്ലാദത്തിന്റെയും. കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം ക്രിസ്മസിന്റെ സ്നേഹവും സാഹോദര്യവും കൈമാറുന്നു.
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി. ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം. ദൈവത്തിന്റെ പുത്രന്‍ ജനിച്ചിരിക്കുന്നു.
എല്ലാ വായനക്കാര്‍ക്കും ഇന്ത്യാഇന്‍ഫോ മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍












Click it and Unblock the Notifications