സിപിഎം വീണ്ടും ദേശീയ പാര്‍ട്ടി
ദില്ലി: സിപിഎമ്മിന് നഷ്ടമായ ദേശിയ പാര്‍ട്ടി പദവി തിരികെ ലഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ഗില്‍ ഡിസംബര്‍ 29 വെള്ളിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
ദേശീയ പാര്‍ട്ടിയായി അംഗീകരിച്ചുകൊണ്ടുള്ള കത്ത് സിപിഎമ്മിനു നല്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ ഡിസംബര്‍ എട്ട് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഷ്കരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി തിരികെ ലഭിച്ചത്.
രാജ്യത്തെ നാലു സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്ത വോട്ടിന്റെ ആറു ശതമാനം നേടുകയും കുറഞ്ഞത് നാലു ലോക്സഭാ സീറ്റെങ്കിലും വിജയിക്കുകയും ചെയ്താല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. ഇതല്ലാതെ ലോക്സഭയിലുള്ള ആകെ സീറ്റിന്റെ 20 ശതമാനം നേടിയാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും. എന്നാല്‍ ഈ സീറ്റുകള്‍ കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇതില്‍ രണ്ടു നിബന്ധനകള്‍ പ്രകാരവും സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ലോക്സഭയില്‍ സിപിഎമ്മിന് 32 അംഗങ്ങളാണുള്ളത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നാലു സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.












Click it and Unblock the Notifications