ചിലപ്പഴെങ്ങാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പറ്റിയാലോ...
കുമരകം: കുമരകത്ത് വിശ്രമത്തിനെത്തിയ പ്രധാനമന്ത്രിയെ കാണാനാവും എന്ന പ്രതീക്ഷയോടെ താജ് ഗാര്‍ഡന്‍ ഹോട്ടലിനു മുന്നില്‍ അവര്‍ എത്തിയത് ഏറെ ദൂരം താണ്ടിയാണ്. എന്നാല്‍ തങ്ങളുടെ ആവലാതികള്‍ പ്രധാനമന്ത്രി കേള്‍ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ബോധ്യമായിട്ടും പിന്നെയും മണിക്കൂറുകളോളം നെടുങ്കന്‍ ഇരുമ്പുഗേറ്റിനു മുന്നില്‍ അവര്‍ നിന്നു.
എഴുപതുകാരനായ കുരുവിള കുര്യാക്കോസ് വന്നത് വയനാട്ടില്‍ നിന്നാണ്. തനിക്കുള്ള പരാതികള്‍ എഴുതിയ നിവേദനം പ്രധാനമന്ത്രിക്ക് നല്‍കാനായാണ് കുരുവിളയെത്തിയത്. 40 വര്‍ഷമായി കുരുവിള രോഗബാധിതനാണ്. തന്റെ ആകുലതകളെ കുറിച്ചും കിടപ്പിലായ ഭാര്യയുടെ ദൈന്യത്തെയും കുറിച്ചാണ് നിവേദനത്തില്‍ എഴുതിയിരിക്കുന്നത്.
പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കാനാവില്ല എന്ന് അറിയിച്ചതോടെ കുരുവിളയുടെ മുഖത്ത് പ്രതീക്ഷകള്‍ മങ്ങി.
എന്നിട്ടും കുരുവിള ഉടന്‍ മടങ്ങിപ്പോകാന്‍ തയ്യാറായില്ല. മണിക്കൂറുകളോളം താജ് ഗാര്‍ഡന്‍ ഹോട്ടലിനു മുന്നില്‍ നില്‍ക്കാന്‍ കുരുവിളക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയെ കാണാനാവില്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിധിയെഴുതിയെങ്കിലും ക്ഷീണിതനായ ആ മനുഷ്യന്‍ തീര്‍ത്തുമങ്ങ് പിന്‍മാറാന്‍ തയ്യാറാവുന്നില്ല്ല: ചിലപ്പോള്‍ നിവേദനം നല്‍കാന്‍ ഒരവസം കിട്ടിയാലോ.....
വിധവയായ അംബുജാക്ഷി കോട്ടയം ജില്ലയിലെ തന്നെ തിരുവരപ്പില്‍ നിന്നാണ് എത്തിയത്. തനിക്ക് പ്രധാനമന്ത്രിയെ കാണാനാവില്ല എന്ന് മനസിലായെങ്കിലും പകല്‍ മുഴുവന്‍ അവര്‍ ഹോട്ടലിനു മുന്നില്‍ നിന്നു.
അകത്തേക്ക് കടക്കാനാവില്ല എന്ന് പറഞ്ഞിട്ടും തിരിച്ചുപോകാത്ത ഇവരെ ഹോട്ടലിനു മുന്നില്‍ നിന്ന് പറഞ്ഞുവിടാന്‍ പൊലീസും മടിച്ചു. അവരുടെ ദൈന്യങ്ങള്‍ കണ്ടപ്പോള്‍ കടുത്തൊന്നും പറയാനാവാത്ത അവസ്ഥയിലായി സുരക്ഷാ ഉദ്യോഗസ്ഥര്‍.












Click it and Unblock the Notifications