തടവുകാരുടെ സ്വവര്‍ഗരതി തടയാനാവില്ല
വിയ്യൂര്‍ ജയിലിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന് മറുപടിയായി ജയില്‍ അഡീഷണല്‍ ഡിജിപി ആര്‍.പി.സി.നായര്‍ ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘട്ടനമുണ്ടായതിനെ തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി പത്മനാഭന്‍ നായര്‍, ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ടുമാരായ അബ്ദുള്‍ സത്താര്‍, ചെറിയാന്‍ കുര്യാക്കോസ് എന്നിവരടങ്ങിയ സമിതി വിയ്യൂര്‍ ജയിലിലെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷണം നടത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയിലധികൃതര്‍ക്ക് കോടതി നോട്ടീസയക്കുകയായിരുന്നു.
വിയ്യൂര്‍ ജയില്‍ മയക്ക്മരുന്നിന്റെയും സ്വവര്‍ഗരതിയുടെയും താവളമായി മാറിയിരിക്കുകയാണെന്ന അന്വേഷണസമിതിയുടെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന് നോട്ടീസിന് മറുപടിയായി ജയില്‍ അഡീഷണല്‍ ഡിജിപി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
രതി ഒരു അടിസ്ഥാന വികാരമായതിനാല്‍ അത് പൂര്‍ണ്ണമായും തടയാനാവില്ല. തടവുകാര്‍ക്കിടയിലുണ്ടാകുന്ന സ്വവര്‍ഗരതിവാഞ്ഛയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മാത്രമേ കഴിയൂ എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൗമാരപ്രായത്തിലുള്ള തടവുപുള്ളികളെ മുതിര്‍ന്ന തടവുപുള്ളികളില്‍ നിന്നും മാറ്റിക്കിടത്തിയും സ്വവര്‍ഗരതിയ്ക്കുള്ള പ്രവണത കാണിക്കുന്ന തടവുപുള്ളികളെ സ്ഥിരമായി നിരീക്ഷിച്ചും ഇതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വവര്‍ഗരതിയുടെ ദോഷങ്ങളെ കുറിച്ച് തടവുകാരെ ബോധവല്‍ക്കരിക്കുന്നതിന് പ്രിസണ്‍ ഫെല്ലോഷിപ്പ് പോലുള്ള ഏജന്‍സികളുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
മയക്കുമരുന്ന് ജയിലിലെത്തുന്നത് തടയാന്‍ തടവുകാരുടെ ദേഹപരിശോധന ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന് ഒത്താശ നല്‍കിയെന്ന് സംശയിക്കപ്പെടുന്ന ഒരു ജീവനക്കാരനെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
ജയിലിലുണ്ടായ സംഘട്ടനം ഒറ്റപ്പെട്ട സംഭവമാണ്. ഇതിനെ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നു. തടവുകാരെ കാണാനെത്തുന്ന ബന്ധുക്കളെ ജയിലിലെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവും സത്യാവങ്മൂലത്തില്‍ നിഷേധിക്കുന്നു. ഇത്തരം പരാതികള്‍ തടവുകാരോ ബന്ധുക്കളോ നല്‍കിയിട്ടില്ല. വിയ്യൂര്‍ ജയിലില്‍ സ്ഥലസൗകര്യം തീരെ കുറവാണെന്ന അന്വേഷണസമിതിയുടെ കണ്ടെത്തലിനോട് സത്യവാങ്മൂലം പൂര്‍ണ്ണമായും യോജിക്കുന്നുണ്ട്.












Click it and Unblock the Notifications