കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചു
കോട്ടയം: കേരളത്തിനുള്ള നവവത്സര സമ്മാനമായി ഇവിടത്തെ കര്‍ഷകര്‍ക്ക് ആശ്വാസമേകാനുള്ള പദ്ധതികള്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു.
കേരളത്തിലെ രാഷ്ട്രീയ- ബഹുജന സംഘടനകള്‍ ഉന്നയിച്ചു പോരുന്ന ചില ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനല്കി. ഡിസംബര്‍ 31 ഞായറാഴ്ച കുമരകത്തു ചേര്‍ന്ന ബിജെപി സംസ്ഥാനതല നേതൃസമ്മേളനത്തില്‍ പ്രധാനമന്ത്രി എട്ടിന പാക്കേജ് പദ്ധതിയാണ് പ്രഖ്യാപിച്ചത്.
ഈ പരിപാടികള്‍ കേന്ദ്രം ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയും വിദേശ മലയാളികളുടെയും ക്രിയാത്മക പങ്കാളിത്തം ഉണ്ടായേ മതിയാകൂ എന്ന് വാജ്പേയി വ്യക്തമാക്കി.
താങ്ങുവില വര്‍ധിപ്പിച്ച് ഈ സീസണില്‍ കൂടുതല്‍ കൊപ്ര സംഭരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇങ്ങനെ സംഭരിക്കുന്ന കൊപ്ര സൂക്ഷിക്കാന്‍ വേണ്ടത്ര സ്റോറേജ് സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ഉണ്ടാക്കണം. തെങ്ങ് കൃഷി, കീട പ്രതിരോധം, വിപണനം, ഉല്പന്ന വൈവിധ്യവല്കരണം, സംഭരണം, മൂല്യവര്‍ധന തുടങ്ങിയ മേഖലകളില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യവുമായി നാളികേര സാങ്കേതിക മിഷന്‍ അടുത്തു തന്നെ തുടങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്വാഭാവിക റബറിന്റെ വിലത്തകര്‍ച്ച പരിഗണിച്ച് നിലവിലുള്ള സംഭരണവിലയെക്കാള്‍ മെച്ചപ്പെട്ട നിരക്കില്‍ 20,000 ടണ്‍ റബര്‍ സംഭരിക്കും. റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കാന്‍ ലോക വ്യാപാര സംഘടനയുമായി ചര്‍ച്ച നടത്തുമെന്നും വാജ്പേയി പറഞ്ഞു.
അടുത്ത സ്വാതന്ത്യ്ര ദിനത്തിനു മുമ്പ് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്താന്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്കും. കൊച്ചി തുറമുഖത്തിന്റെ സമഗ്രവികസനത്തിനു സഹായകരമാവുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മംഗലാപുരം- ഷൊര്‍ണ്ണൂര്‍ തീവണ്ടിപ്പാത ഇരട്ടിപ്പിക്കല്‍ പണി അടുത്ത മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. അതോടൊപ്പം കേരള സര്‍ക്കാര്‍ സഹകരിക്കുകയാണെങ്കില്‍ എറണാകുളം- കായംകുളം പാത ഇരട്ടിപ്പിക്കാനും കേന്ദ്രം ഒരുക്കമാണെന്ന് വാജ്പേയി പറഞ്ഞു. ഇതിന് കേരളം അയല്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍ റെയില്‍വേ അടിസ്ഥാനസൗകര്യ വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
വിനോദസഞ്ചാര മേഖലയില്‍ കേരളത്തിനു വലിയ ഭാവിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിയ്ക്കു കോട്ടം തട്ടാതെ സമ്പന്നരായ വിനോദ സഞ്ചാരികളെ ഇവിടേയ്ക്കാകര്‍ഷിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചാല്‍ കേന്ദ്ര സഹായം നല്കാമെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലയിലും വിവരസാങ്കേതിക വിദ്യാ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കേരളത്തിലെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാനാവുമെന്ന് വാജ്പേയി ചൂണ്ടിക്കാട്ടി. സോഫ്റ്റ്വെയര്‍ വികസന രംഗത്ത് സ്വകാര്യ പങ്കാളിത്തത്തോടെ കേരളം ആവിഷ്കരിക്കുന്ന ഏതു പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍ണ സാക്ഷരത നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവിടെ ഏതാനും സെന്റേഴ്സ് ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറാണ്. സമ്പന്നരായ വിദേശമലയാളികള്‍ ഇതില്‍ സജീവമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
നേതൃയോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ അധ്യക്ഷനായിരുന്നു. കെ.രാമന്‍പിള്ള, കെ.വി.ശ്രീധരന്‍ മാസ്റര്‍, ഒ.രാജഗോപാല്‍ എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications