കൊച്ചി-ദമാം വിമാനം 17 മണിക്കൂര്‍ വൈകി
കൊച്ചി: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി കൊച്ചി-ദമാം വിമാനം 17 മണിക്കൂര്‍ വൈകി ജനവരി രണ്ടിന് പുറപ്പെട്ടു.
എയര്‍ ഇന്ത്യയുടെ ദമാമിലേക്കുള്ള വിമാനം കൃത്യസമയത്ത് പുറപ്പെട്ടെങ്കിലും ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം ഇത്രയധികം വൈകിയത് യാത്രക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാഴ്ത്തി. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ക്ക് ഹൃദ്രോഗമുണ്ടായി. ഇയാള്‍ക്ക് സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
എന്തുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്ന് യാത്രക്കാരോട് വിശദീകരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം പോലും എയര്‍ ഇന്ത്യ കാണിച്ചില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ജനവരി ഒന്നിന് വിസയുടെ കാലാവധി കഴിയുന്നവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
പ്രധാനമന്ത്രി തിരിച്ചുപോകുന്നതിനാല്‍ ജനവരി ഒന്നിന് ദമാമില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനം രണ്ട് മണിക്കൂര്‍ പിടിച്ചിട്ടിരുന്നു. ഇത് വിമാനത്തില്‍ വന്നിറങ്ങിയവര്‍ക്കും ബന്ധുക്കളെ സ്വീകരിക്കാനെത്തിയവര്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications