വൈദ്യുതി ബോര്‍ഡുകള്‍ പിരിച്ചുവിടുന്നു
ദില്ലി: സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ പിരിച്ചുവിട്ട് സമ്പൂര്‍ണ്ണ സ്വകാര്യവല്കരണം ശുപാര്‍ശ ചെയ്യുന്ന രേഖ കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടുവെച്ചു. വൈദ്യുതി വിതരണവും സ്വകാര്യമേഖലയെ ഏല്പിക്കണമെന്നാണ് ശുപാര്‍ശ.
സംസ്ഥാനങ്ങള്‍ക്കു നല്കുന്ന കേന്ദ്ര സഹായം കടുത്ത മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമെ നല്കാവൂ എന്നും ധനമന്ത്രാലയം തയ്യാറാക്കിയ രേഖയില്‍ നിര്‍ദ്ദേശമുണ്ട്. അടുത്ത സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ബജറ്റിനു മുന്നോടിയായാണ് ഈ രേഖ തയ്യാറാക്കിയിട്ടുള്ളത്.
രാജ്യത്തെ സാമ്പത്തികവളര്‍ച്ച ഒമ്പതു ശതമാനമാക്കാന്‍ ഈ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് രേഖയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് ആസൂത്രണ കമ്മീഷന്റെ സഹായത്തോടെ ധനമന്ത്രാലയം ഈ രേഖ തയ്യാറാക്കിയത്.
കൃഷിക്കാര്‍ക്ക് നല്കുന്ന വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് രേഖയില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രക്കൂലി വര്‍ധിപ്പിച്ചും ചരക്കുകൂലി കുറച്ചും റെയില്‍ നിരക്കുകള്‍ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്വകാര്യമേഖലയില്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, എക്സ്പ്രസ് പാതകള്‍ എന്നിവ അനുവദിക്കണം. നിശ്ചിത തുക ഫീസായി വാങ്ങിയതിനു ശേഷം തീവണ്ടിപ്പാതകള്‍ ഉപയോഗിക്കാന്‍ സ്വകാര്യ റെയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് അനുമതി നല്കണമെന്ന് ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. അച്ചടി- പ്രസിദ്ധീകരണ രംഗങ്ങളില്‍ നേരിട്ട് വിദേശ നിക്ഷേപം അനുവദിക്കണമെന്നും ശുപാര്‍ശയുണ്ട്.
ദാരിദ്യ്രരേഖയ്ക്കു താഴെയും അതിനു ചുറ്റിനും ഉള്ളവര്‍ക്കു നല്കുന്ന സബ്സിഡികള്‍ എടുത്തുകളയണം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഫീസുകള്‍ കൂട്ടണമെന്നും പാവപ്പെട്ടവര്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണമെന്നും രേഖയില്‍ പറയുന്നു. പഞ്ചസാരയുടെയും മരുന്നുകളുടെയും ഉല്പാദന നിയന്ത്രണം എടുത്തുകളയണം. പൊതുവിതരണ ശൃംഖലയിലും എഫ്സിഐയിലും വന്‍ പരിഷ്കാരങ്ങള്‍ രേഖയില്‍ ലക്ഷ്യമിടുന്നു.
പത്തു വര്‍ഷത്തിനുള്ളില്‍ പൊതുമേഖല പൂര്‍ണമായി സ്വകാര്യവല്കരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ധനമന്ത്രാലയം ഓഹരി വിറ്റഴിക്കലിന് നേതൃത്വം നല്കാന്‍ സ്വതന്ത്ര ഏജന്‍സി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം സ്വകാര്യ പെന്‍ഷനും പ്രോവിഡന്റ് ഫണ്ട് സംവിധാനവും ഏര്‍പ്പെടുത്തണം. ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കരാര്‍ ജീവനക്കാരെ കൂടുതലായി നിയമിക്കാന്‍ സഹായിക്കുന്ന തരത്തില്‍ കോണ്‍ട്രാക്ട് ലേബര്‍ നിയമത്തില്‍ മാറ്റ് വരുത്താനും ശുപാര്‍ശയുണ്ട്.
ജനവരി 17 ബുധനാഴ്ച ചേരുന്ന മന്ത്രിസഭയുടെ ഉന്നതതലയോഗത്തില്‍ രേഖ ചര്‍ച്ച ചെയ്യും.
മാതൃഭൂമിയിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications