ബംഗാളില്‍ 18 തൃണമൂല്‍ പ്രവര്‍ത്തകരെ കൊന്നു
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഗാര്‍ബെട്ടയില്‍ 18 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. ജനവരി നാല് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സിപിഎമ്മുമാര്‍ കത്തിച്ചു ചാമ്പലാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പങ്കജ് ബാനര്‍ജി കോല്‍ക്കത്തയില്‍ അറിയിച്ചു.
അബ്ദുള്‍ ഘാനി എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ കൂടിയിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബാനര്‍ജി പറഞ്ഞു.
അവര്‍ വീടിനു തീവെച്ചു. വീടിനുള്ളില്‍ കുടുങ്ങിയ നാലു പേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വെട്ടിക്കൊന്നു. ബാക്കിയുള്ളവരെ വീട്ടിനുള്ളിലിട്ട് കത്തിച്ചു - അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications