Get Updates
Get notified of breaking news, exclusive insights, and must-see stories!

നവീകരിച്ച ബോള്‍ഗാട്ടി പാലസ് ഫിബ്രവരിയില്‍ തുറക്കും

കൊച്ചി: കൊച്ചിക്കായലിലെ കൊട്ടാരക്കെട്ടിന് പുതുമോടി. ചരിത്രപ്രസിദ്ധമായ ബോള്‍ഗാട്ടി കൊട്ടാരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. എട്ടരക്കോടി രൂപ ചെലവില്‍ നടത്തിയ നവീകരണത്തിലൂടെ ചതുര്‍നക്ഷത്രപദവിയും ബോള്‍ഗാട്ടിക്ക് ലഭിച്ചു.

ബോള്‍ഗാട്ടി ഹോട്ടല്‍ സമുച്ചയത്തിന്റെയും കൊട്ടാരത്തിന്റെയും വാതിലുകള്‍ ഫിബ്രവരി ആദ്യവാരത്തില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

പഴയകാല പ്രൗഢി നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരത്തില്‍ നവീകരണ ജോലികള്‍ നടത്തിയത്. പുതുതായി നിര്‍മ്മിച്ച നീന്തല്‍ക്കുളവും രാജ്യാന്തര നിലവാരത്തില്‍ ഏര്‍പ്പെടുത്തിയ മറ്റു സൗകര്യങ്ങളും വിദേശികളടക്കം ഒട്ടേറെ ടൂറിസ്റുകളെ വീണ്ടും ബോള്‍ഗാട്ടിയിലേക്കാകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

ഊട്ടിയും തേക്കും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ കേടുപാടുകള്‍ തീര്‍ത്തത്. താഴത്തെ നില മാര്‍ബിള്‍ വിരിക്കുകയും ദാരുശില്പങ്ങളും കൊത്തുപണികളും കൊണ്ട് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.

ബോള്‍ഗാട്ടിയില്‍ പഴയ നാലുകെട്ട് സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് രണ്ട് നിലകളിലായി 16 മുറികളുള്ള പാലസ് അനക്സാണ് സഞ്ചാരികളെ വരവേല്‍ക്കുക. എട്ട് സ്യൂട്ടുകളും എട്ട് ഡീലക്സ് മുറികളുമാണ് ഈ മന്ദിരത്തിലുള്ളത്. കൊട്ടാരത്തില്‍ ആറ് മുറികളായിരുന്നത് നാലാക്കി ചുരുക്കി. റോയല്‍ സ്യൂട്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

കൊട്ടാരവളപ്പിലെ ഹണിമൂണ്‍ കോട്ടേജുകള്‍ ഉള്‍പ്പെടെ 26 മുറികളാണ് ബോള്‍ഗാട്ടിയില്‍ ഇപ്പോഴുള്ളത്. ബാര്‍, റെസ്റോറന്റ്, ഹെല്‍ത്ത് ക്ലബ്, മസാജ് റൂം എന്നിവയും താമസിയാതെ സജ്ജമാകും. സ്നാക് ബാര്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. അമീബ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള നീന്തല്‍ക്കുളം കൊച്ചി നഗരത്തിലെ മറ്റു നീന്തല്‍ക്കുളങ്ങളേക്കാളും വലുതാണ്.

മുളവുകാട് ദ്വീപിന്റെ തേക്കേയറ്റത്ത് 15 ഏക്കര്‍ പുല്‍ത്തകിടിക്ക് മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബോള്‍ഗാട്ടി കൊട്ടാരത്തിന് രണ്ടര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഡച്ചുകാര്‍ 1744ല്‍ നിര്‍മ്മിച്ച കൊട്ടാരം 1909ല്‍ ബ്രിട്ടീഷുകാരുടെ കൈവശമായി. 1947 വരെ ബ്രിട്ടീഷ് റസിഡന്‍സിയുടെ ആസ്ഥാനമായിരുന്നു ഇവിടം. 1976ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരവും വളപ്പും കെടിഡിസിക്ക് കൈമാറി.

കൊട്ടാരം നവീകരണം പൂര്‍ത്തിയാകാറായെങ്കിലും ഇതുസംബന്ധിച്ച് വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ തെളിഞ്ഞതായാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

കൊട്ടാരത്തിലെ പഴയ ഉരുപ്പടികളും മറ്റും നവീകരണത്തിന്റെ പേരില്‍ നീക്കം ചെയ്തതിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് കരുതുന്നു. ക്വട്ടേഷന്‍ ക്ഷണിച്ചതിലും നിരക്കുകള്‍ നിശ്ചയിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. മതിയായ പ്രവൃത്തിപരിചയമില്ലാത്തവര്‍ക്ക് ജോലികള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ കെ. ജോസഫ് മാത്യുവാണ് അന്വേഷണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+