വികസനത്തിന് നളിനി തടസം നിന്നു: നീലന്‍
കൊച്ചി: ഗതാഗതവകുപ്പിന്റെ വികസനത്തിന് നളിനി നെറ്റോ തടസം നിന്നതായി നീലന്‍ ശശിധരന്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.
കെഎസ് ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിനും ടെര്‍മിനല്‍ പണിയുന്നതിനുമായി ഹഡ്കോ വായ്പ എടുക്കുന്നതില്‍ അന്ന് ഗതാഗത സെക്രട്ടറി ആയിരുന്ന നളിനി ഇടങ്കോലിട്ടെന്നും ജനവരി ആറ് ശനിയാഴ്ച നീലന്‍ കമ്മീഷനെ ബോധിപ്പിച്ചു.
ഹഡ്കോയില്‍ നിന്നും വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി ആവശ്യമുണ്ട്. ഇതിനുള്ള നിര്‍ദേശം നല്‍കി ഏഴ് മാസം കഴിഞ്ഞിട്ടും നളിനി നടപടികള്‍ എടുത്തില്ല. ഗ്യാരണ്ടിക്ക് നല്‍കുന്നതിന് മുന്നോടിയായി കംഫര്‍ട്ട് ലെറ്റര്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ച കെഎസ്ആര്‍ടിസി എംഡിയോടും നളിനി നിഷേധാത്മക നിലപാടാണ് കൈക്കൊണ്ടതെന്ന് നീലന്‍ കമ്മീഷനെ അറിയിച്ചു.
ഹഡ്കോയില്‍ നിന്ന് മാത്രമല്ല സഹകരണസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കാനുള്ള നീക്കത്തെയും നളിനി പരാജയപ്പെടുത്തി. കെഎസ്ആര്‍ടിസി അദ്ധ്യക്ഷയായി ലിസി ജേക്കബിനെ നിയമിച്ച ശേഷം നളിനി ശത്രുതാപരമായാണ് പെരുമാറിയിരുന്നത്. നിയമനങ്ങളുടെ കാര്യത്തിലും നളിനി ഇടങ്കോലിട്ടിരുന്നു. തന്റെ വാദങ്ങള്‍ക്ക് തെളിവായി ചില രേഖകളും നീലന്‍ ഹാജരാക്കിയിട്ടുണ്ട്.
ശശിധരന്‍ കമ്മീഷന്‍ സിറ്റിംഗില്‍ നീലന്റെ മൊഴി ഇതോടെ പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത സിറ്റിംഗ് ഹൈക്കോടതിയില്‍ വച്ച് ജനവരി 20 ശനിയാഴ്ച നടക്കും.












Click it and Unblock the Notifications