വീരപ്പന് പൊതുമാപ്പ് നല്കണം: നെടുമാരന്‍
ബാംഗ്ലൂര്‍: കാട്ടുകള്ളന്‍ വീരപ്പന് പൊതുമാപ്പ് നല്കണമെന്ന് തമിഴ് ദേശീയവാദി നേതാവ് പി.നെടുമാരന്‍ ആവശ്യപ്പെട്ടു.
ജനവരി ഏഴ് ഞായറാഴ്ച ബാംഗ്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് സമ്മതമാണെങ്കില്‍ കീഴടങ്ങല്‍ സംബന്ധിച്ച് വീരപ്പനുമായി ചര്‍ച്ച നടത്തുന്നതിന് കാട്ടിലേക്കു പോകാന്‍ തയ്യാറാണെന്നും നെടുമാരന്‍ പറഞ്ഞു.
കന്നഡ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനു നടുവില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളുടെ അകമ്പടിയോടെയാണ് ബാംഗ്ലൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടന്നത്.
കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായ രീതിയില്‍ പരിഹരിക്കണമെന്ന് നെടുമാരന്‍ നിര്‍ദ്ദേശിച്ചു. ഇതിലേക്കായി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ജനങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ് മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടവും എല്‍ടിടിഇക്കുള്ള പിന്തുണയും തുടരുമെന്ന് നെടുമാരന്‍ വ്യക്തമാക്കി. ഒരു തമിഴനെന്ന നിലയില്‍ തമിഴ് പുലികളെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് യാതൊരു സങ്കോചവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിശാല തമിഴ്നാടിന്റെ രൂപീകരണമാണ് പുലികളുടെ ലക്ഷ്യമെന്ന പ്രചരണം ശരിയല്ലെന്നും നെടുമാരന്‍ പറഞ്ഞു.
പ്രൊഫ.കല്യാണിയും സുകുമാരനും നെടുമാരനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications