ജയ ജെയ്റ്റ്ലി സമതാ പാര്‍ട്ടി പ്രസിഡന്റ്
മൈസൂര്‍: സമതാ പാര്‍ട്ടി പ്രസിഡന്റായി ജയ ജെയ്റ്റ്ലി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജനവരി എട്ട് തിങ്കളാഴ്ച മൈസൂരില്‍ ആരംഭിച്ച പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗമാണ് ജയയെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ദേശീയ കൗണ്‍സില്‍ യോഗത്തിനു മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐക്യ ജനതാദള്‍ ഉള്‍പ്പടെ ഒരു പാര്‍ട്ടിയുമായും സമതാ പാര്‍ട്ടി ലയിക്കില്ലെന്ന് പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യക്തമാക്കി. ലയന പ്രശ്നം പാര്‍ട്ടിയില്‍ ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ക്കു കാരണമായിരുന്നു. ലയനത്തെ അനുകൂലിക്കുന്ന നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്.
പാര്‍ട്ടിയുടെ ആറ് എംപിമാര്‍ ദേശീയ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ദില്ലിയിലെ മൂടല്‍മഞ്ഞു കാരണം വിമാനം എത്താത്തതിനാലാണ് എംപിമാര്‍ വരാത്തതെന്ന് അദ്ദേഹം അറിയിച്ചു.
അയോധ്യ പ്രശ്നത്തില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കുമെന്നും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications