ഇമെയിലിലൂടെ സര്‍ക്കാരിനെതിരെ പ്രചാരണം
കൊച്ചി: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ പ്രചാരണം വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചും നടപ്പാക്കാന്‍ പോകുന്നു. ആര്‍എസ്പി-ബിയാണ് ഈ പുതുമയാര്‍ന്ന പ്രചാരണ പ്രവര്‍ത്തനം നടത്തുന്നത്.
ഇടതുമുന്നണി സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ ലോകമെമ്പാടുമുള്ള വിദേശമലയാളികളെ ഇമെയിലിലൂടെ അറിയിച്ചുകൊണ്ടാണ് ഈ പ്രചാരണം. സര്‍ക്കാരിനെതിരായ പ്രചാരണത്തിന്റെ മുന്നോടിയായി ആര്‍എസ്പി-ബി സംസ്ഥാന നേതാക്കളായ പ്രൊഫ. എ.വി. താമരാക്ഷന്‍, അഡ്വ. കെ.ആര്‍. കുറുപ്പ് എന്നിവര്‍ ഗള്‍ഫ് നാടുകളിലേക്കു പോകും. ജനവരി ഒമ്പത് ചൊവാഴ്ച വൈകീട്ട് ഇവര്‍ ദുബായിലെത്തും.
വിദേശമലയാളികളാണ് കേരളത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്ന കേരളത്തെ താങ്ങിനിര്‍ത്തുന്നത്. നാലര വര്‍ഷത്തെ ഇടതുഭരണം സംസ്ഥാനത്തെ തകര്‍ത്തെന്ന് മറുനാടന്‍ മലയാളികള്‍ അറിയണം അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുന്നതിന് വോട്ടു ചെയ്യാന്‍ തങ്ങളുടെ ബന്ധുക്കളോട് വിദേശമലയാളികള്‍ അഭ്യര്‍ത്ഥിക്കും - താമരാക്ഷന്‍ കൊച്ചിയില്‍ പറഞ്ഞു.
നാലര വര്‍ഷം കൊണ്ട് 7,000 കോടി രൂപയുടെ ബാധ്യതയാണ് ഇടതുമുന്നണി വരുത്തിവെച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുത ബോര്‍ഡിന് ഒരു ദിവസത്തെ നഷ്ടം നാലു കോടി രൂപയാണ്. 150 കോടി രൂപ വരവും 270 കോടി രൂപ ചെലവും എന്നതാണ് സ്ഥിതി. കെഎസ്ആര്‍ടിസി 108 കോടിയുടെ നഷ്ടത്തിലാണ് ഓടുന്നത്. ജല അതോറിറ്റി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നുവെന്നല്ലാതെ പുതുതായി ഒന്നും നടപ്പാക്കുന്നില്ല - താമരാക്ഷന്‍ ആരോപിച്ചു.
കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമുള്ള സര്‍ക്കാര്‍ തിരക്കിട്ട് പദ്ധതികള്‍ക്ക് കരാര്‍ നല്‍കുകയാണ്. അതിരപ്പിള്ളി, ശബരിഗിരി, നേര്യമംഗലം എക്സ്റന്‍ഷന്‍, തീരപഥം അര്‍ബന്‍ വികസനപദ്ധതി എന്നിവയ്ക്കെല്ലാം തിരക്കിട്ട് കരാര്‍ നല്‍കിയത് അഴിമതി നടത്താനാണ്. ഇതിനെതിരെ ആര്‍എസ്പി-ബി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കുമെന്നും താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications