മഹാകുംഭമേളയ്ക്ക് തുടക്കമായി
അലഹബാദ്: ത്രിവേണി സംഗമത്തില്‍ കടുത്ത തണുപ്പിനെ അവഗണിച്ചെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ മഹാംകുംഭമേളയ്ക്ക് ജനവരി ഒമ്പത് തിങ്കളാഴ്ച തുടക്കമായി.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാനെത്തിയവര്‍ ഉച്ചയ്ക് ഒരു മണി കഴിഞ്ഞതോടെ ഗംഗാസ്നാനത്തിനായി ഇറങ്ങി. ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരാനായി അനുയോജ്യമായ സമയമായ ജ്യോതിഷികള്‍ വിധിച്ചത് ഉച്ചയ്ക്ക് 1.20 ആയിരുന്നു.
ജനവരി 14 ഞായറാഴ്ച, 24 ബുധനാഴ്ച, 29 തിങ്കളാഴ്ച, ഫിബ്രവരി മാസം എട്ടാം തീയതി വ്യാഴാഴ്ച, 21 ബുധനാഴ്ച എന്നിവയാണ് ത്രിവേണി സംഗമത്തില്‍ മുങ്ങാന്‍ അനുയോജ്യമായ മറ്റ് നല്ല ദിവസങ്ങളായി ജ്യോതിഷികള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കടുത്ത തണുപ്പിലും നഗ്നരായി എത്തിയ നാഗസന്യാസിമാരായിരുന്നു കുംഭമേളയ്ക്ക് എത്തിയവരില്‍ ഭൂരിപക്ഷവും. നദീതീരത്ത് കുംഭമേളയ്ക്ക് എത്തിയവരെ നിരീക്ഷിക്കുന്നതിനായി വാച്ച് ടവറുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളും സ്ഥാപിച്ചിട്ടുണ്ട്.
ഹോളിവുഡില്‍ നിന്നും ഷാരണ്‍ സ്റോണ്‍, ഡെമി മൂര്‍, പിയേഴ്സ് ബ്രോസ്നണ്‍, റിച്ചാര്‍ഡ് ഗിരേ, പോപ് ഗായിക മഡോണ തുടങ്ങിയവരും 2000 വര്‍ഷം പഴക്കമുള്ള മേളയ്ക്ക് എത്തുമെന്ന് ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരായ കോക്സ് ആന്റ് കിംഗ്സ് 600 പ്രധാന ടൂറിസ്റുകളെ കുംഭമേളയ്ക്കെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications