വിദ്യാഭ്യാസ കച്ചവടം തടയും: നായനാര്‍
തിരുവനന്തപുരം: കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പ്രസ്താവിച്ചു.
കേരള സര്‍വകലാശാലയുടെ കാര്യവട്ടത്ത് ആരംഭിച്ച എഞ്ചിനിയറിംഗ് കോളേജ് ജനവരി എട്ട് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക വിദ്യാഭ്യാസം കേരളത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ വിദ്യാഭ്യാസ വാണിഭം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അത്യാധുനിക കോഴ്സുകള്‍ നടപ്പാക്കിയാല്‍ മാത്രമേ മാറിയ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മത്സരിച്ച് മുന്നേറാനാകൂ. അതിന്റെ ഭാഗമായാണ് എഞ്ചിനിയറിംഗ് കോളേജ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവരസാങ്കേതിക വിദ്യയില്‍ രണ്ട് കോഴ്സുകള്‍ കേരള സര്‍വകലാശാല ഫിബ്രവരിയില്‍ ആരംഭിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. എഞ്ചിനിയറിംഗ് കോളേജിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.












Click it and Unblock the Notifications