ആലുവ കൊലപാതകം: അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു
ആലുവ: വ്യാപാരി അഗസ്റിന്‍ മാഞ്ഞൂരാന്റെയും കുടുംബാംഗങ്ങളുടെയും കൊലപാതകം സംബന്ധിച്ച അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കുന്നു.
കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി എബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജനവരി 10 ബുധനാഴ്ച രാവിലെ ആലുവ ടിബിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കൊലപാതകം സംബന്ധിച്ച് പൊലീസിന് ഇനിയും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത് ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അഗസ്റിനുമായി പരിചയമുള്ള ഒന്നിലേറെ പേര്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിനായി വാടകക്കൊലയാളികളെ ഉപയോഗിച്ചിരിക്കാം എന്ന സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.
മരണമടഞ്ഞ അഗസ്റിന്റെ മക്കളായ ദിവ്യയുടെയും ജോസഫിന്റെയും സഹപാഠികളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് കൊലപാതകം നടന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അഗസ്റിന്റെ വീട്ടില്‍ എന്തോ പ്രശ്നങ്ങളുണ്ടായിരുന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. ജനവരി അഞ്ച് വെള്ളിയാഴ്ച രണ്ടു കുട്ടികളും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു എന്നും സഹപാഠികള്‍ പറയുന്നു.
അഗസ്റിനെയും കുടുംബത്തെയും പൂര്‍ണ്ണമായി ഇല്ലാതാക്കണമെന്ന ലക്ഷ്യവുമായാണ് ഘാതകരെത്തിയതെന്ന് കൊലപാതകം നടത്തിയ രീതി വ്യക്തമാക്കുന്നു. കൊലപാതകത്തിനു ശേഷം പ്രത്യക്ഷമായ തെളിവുകളൊന്നും വീട്ടില്‍ അവശേഷിച്ചിട്ടില്ല എന്നത് പൊലീസിനെ കുഴക്കുന്നു.
കുടുംബത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ തക്കവിധം അഗസ്റിനോട് വൈരാഗ്യമുള്ള ആരെങ്കിലും ഉള്ളതായി അറിവില്ല. സ്വത്തു തര്‍ക്കവും വഴിത്തര്‍ക്കവും കാരണം ഇതിനാരെങ്കിലും മുതിരുമോ എന്ന സംശയത്തില്‍ പിടിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
അഗസ്റിന് പിതാവ് വിഹിതം നല്കിയത് സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു. അടുത്തയിടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇതിനെക്കുറിച്ച് ബന്ധുക്കളെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.
1












Click it and Unblock the Notifications