ഗുരുവായൂരപ്പന്റെ പേരില്‍ വ്യാജ വെബ് സൈറ്റുകള്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പേരില്‍ പൂജകള്‍ക്കും പ്രസാദം അയച്ചുകൊടുക്കുന്നതിനുമായി ഭക്തരില്‍ നിന്നും പണം തട്ടുന്ന വ്യാജ വെബ് സൈറ്റുകളെ കണ്ടെത്തി.
തൃശ്ശൂരിലെ കുന്നംകുളം പോസ്റ് ഓഫീസില്‍ നിന്നും ജനവരി മാസത്തിലെ ആദ്യത്തെ ആഴ്ച മാത്രം ഏകദേശം 10,000 പ്രസാദ പായ്ക്കറ്റുകള്‍ വടക്കേ ഇന്ത്യയിലുള്ള ഭക്തര്‍ക്ക് അയച്ചുകൊടുത്തതായി ഗുരുവായൂര്‍ ദേവസ്വം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുക്ലചതുര്‍ത്ഥി ദിനത്തോടനുബന്ധിച്ച് മേല്‍വിലാസക്കാര്‍ക്കായി നടത്തിയ പ്രത്യേക പൂജയുടെ പ്രസാദമെന്നാണ് പായ്ക്കറ്റിനൊപ്പം അയച്ചിട്ടുള്ള കത്തില്‍ പറയുന്നത്. പായ്ക്കറ്റിലുള്ളത് വെറും പഞ്ചസാരയും ചന്ദനവുമാണ്.
കത്തുകളില്‍ പൂജാപ്രസാദ് ഡോട്ട് കോം എന്ന വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു കത്താണ് മറ്റ് സൈറ്റുകളെ കുറിച്ചറിയാന്‍ ദേവസ്വത്തെ സഹായിച്ചത്. പൂജാ ഓണ്‍ലൈന്‍ ഡോട് കോം എന്ന സൈറ്റ് നടത്തിപ്പുകാര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മറ്റ് സൈറ്റുകള്‍ക്ക് നേരെയും താമസിയാതെ നിയമനടപടിയുണ്ടാകും.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പേരില്‍ ഏകദേശം 300 -ഓളം സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ വിവിധ പൂജകള്‍ക്കായി നിലവിലുള്ള നിരക്കിന്റെ ഇരട്ടിയിലധികമാണ് പല സൈറ്റുകളിലും കാണിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗരൂകരായിരിക്കാന്‍ ഭക്തജനങ്ങളോട് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.എന്‍.സതീഷ് അഭ്യര്‍ത്ഥിച്ചു. ദേവസ്വത്തിന്റെ ഏജന്റുമാരായി വ്യക്തികളെയോ സംഘടനകളെയോ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications