ബസുകളില്‍ കൊറിയര്‍ സര്‍വീസ് അനുവദിക്കും
കൊച്ചി: കൊറിയര്‍ സര്‍വീസുകാര്‍ക്ക് പാര്‍സല്‍ അയക്കാന്‍ കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.
കോര്‍പ്പറേഷന്റെ കഴിഞ്ഞ ബോര്‍ഡ് മീറ്റിങ്ങിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ എം.എസ്.വര്‍ഗീസ് വെളിപ്പെടുത്തി. ഇതിനായി കൊറിയര്‍ സര്‍വീസുകാരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കും. യാത്രാക്കൂലിയില്‍ നിന്നല്ലാതെയുള്ള വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന കോര്‍പ്പറേഷന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഒരു സ്വകാര്യ ഏജന്‍സിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചതെന്ന് അറിയുന്നു. കോര്‍പ്പറേഷന്റെ ബസുകള്‍ കൊറിയര്‍ സര്‍വീസുകള്‍ക്കായി വിട്ടുകൊടുക്കുന്ന ചുമതല സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച ശേഷം അതിന്റെ ലാഭം കോര്‍പ്പറേഷന്‍ എടുക്കുക എന്നതാണ് പദ്ധതി.
കെഎസ്ആര്‍ടിസി ബസുകളില്‍ ഇതിനായി ഒരു പെട്ടി സ്ഥാപിക്കും. കൊറിയര്‍ ഏജന്റിന്റെ കൈയിലും ബസ് കണ്ടക്ടറുടെ കൈയിലും ഓരോ താക്കോലുകളും നല്‍കും. പെട്ടിയില്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന ഒന്നുമില്ലെന്ന് കണ്ടക്ടര്‍ക്ക് ഉറപ്പ് വരുത്താനാണിത്. കെഎസ്ആര്‍ടിസി ബസുകള്‍ വിദൂര ഗ്രാമങ്ങളില്‍ വരെ ചെന്നെത്തുന്നതിനാല്‍ കൊറിയര്‍ കമ്പനികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യപ്പെടുമെന്ന് കരുതുന്നു.












Click it and Unblock the Notifications