കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി
കോഴിക്കോട്: ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി.
സ്റൈപ്പന്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജനവരി ഒമ്പത് ചൊവാഴ്ച വൈകീട്ടാണ് അറുന്നൂറോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തെയാണ് സമരം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. പ്രസവമുറിയില്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്. സാധാരണ 20 ഡോക്ടര്‍മാരുണ്ടാവുന്ന പ്രസവമുറിയില്‍ ജനവരി 10 ബുധനാഴ്ച ഉണ്ടായിരുന്നത് നാലു ഡോക്ടര്‍മാര്‍ മാത്രമാണ്.
കുടുംബാസൂത്രണ വിഭാഗത്തില്‍ പ്രസവാനന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന ആറ് പേരെ സമരത്തെ തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റി. നവജാത ശിശു കേന്ദ്രത്തിലുണ്ടായിരുന്ന 13 കുട്ടികളെയും ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
അത്യാഹിത വിഭാഗത്തില്‍ സാധാരണ എത്തുന്നതിന്റെ നാലിലൊന്നു രോഗികള്‍ പോലും ബുധനാഴ്ച പ്രവേശിപ്പിക്കപ്പെട്ടില്ല. സമരം തീര്‍ക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവാത്തത് രോഗികള്‍ക്ക് ദുരിതമായി.












Click it and Unblock the Notifications