സര്‍ക്കാര്‍ നരേന്ദ്രന്‍ കമ്മീഷനോട് സഹകരിക്കുന്നില്ല
കൊച്ചി: സര്‍ക്കാര്‍ സര്‍വീസിലെ പിന്നാക്ക ജാതി പ്രാതിനിധ്യത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റിസ് നരേന്ദ്രന്‍ കമ്മീഷനുമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിക്കുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള എണ്ണം ആവശ്യപ്പെട്ടിട്ടും എല്ലാ വകുപ്പുകളും ഇത് ഇതുവരെ നല്‍കിയിട്ടില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 31, 2000 ആയിരുന്നു വിവരം നല്‍കേണ്ട അവസാന തീയതിയായി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ 5.5 ലക്ഷം ജീവനക്കാരില്‍ 1.06 ലക്ഷം പേരുടെ വിവരം മാത്രമാണ് കമ്മീഷന് ഇത് വരെ ലഭിച്ചിട്ടുള്ളത്.
ഫിബ്രവരിയില്‍ നരേന്ദ്രന്‍ കമ്മീഷന്റെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ വിവരം നല്‍കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാട്ടുന്ന നിസ്സഹകരണം മൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കാലാവധി നീട്ടാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത് സംബന്ധിച്ച് ജനവരി 18 വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് മാതൃകാ ഫോറമടക്കമുള്ള വിശദാംശങ്ങള്‍ കമ്മീഷന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിരുന്നു. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗവും കമ്മീഷന്‍ വിളിച്ചുകൂട്ടിയിരുന്നു. വിശദാംശങ്ങള്‍ കിട്ടിയില്ലെന്ന പരാതിയെ തുടര്‍ന്ന് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ എല്ലാ ജില്ലാ കളക്ടറേറ്റുകളും സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
പിഎസ്സിയും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളോട് മതിയായ രീതിയില്‍ സഹകരിക്കുന്നില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 30 വര്‍ഷത്തിനുള്ളില്‍ പിഎസ്സി നടത്തിയ നിയമനങ്ങളുടെ വിശദവിവരങ്ങള്‍ അറിയിക്കണമെന്ന് കമ്മീഷന്‍ ഒരു വര്‍ഷം മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും 1995-99ലെ കണക്ക് മാത്രമാണ് പിഎസ്സി നല്‍കിയത്. വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തുകളെഴുതിയിട്ടും പിഎസ്സി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പിഎസ്സിക്ക് സമന്‍സ് അയക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്.












Click it and Unblock the Notifications