ഫറൂഖ് അബ്ദുള്ളയ്ക്കു നേരെ വധശ്രമം
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കു നേരെ വധശ്രമം. എന്നാല്‍ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ജനവരി 14 ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ഫറൂഖിനെതിരായ വധശ്രമം.
അദ്ദേഹം പങ്കെടുത്തുകൊണ്ടിരുന്ന ഒരു ചടങ്ങില്‍ ഭീകരര്‍ റൈഫിള്‍ ഗ്രനേഡുകള്‍ ഉതിര്‍ക്കുകയായിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റിയ ഗ്രനേഡുകള്‍ യോഗസ്ഥലത്തിനു സമീപം വീണ് പൊട്ടിത്തെറിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
ശ്രീനഗര്‍ നഗരത്തില്‍ ഹബാകാദാല്‍ എന്ന സ്ഥലത്ത് ഝലം നദിക്കു കുറുകെ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫറൂഖ് അബ്ദുള്ള. ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാസൈനികര്‍ ഭീകരപ്രവര്‍ത്തകര്‍ക്കു നേരെ വെടിവച്ചെങ്കിലും അപകടത്തില്‍പ്പെടാതെ ഭീകരര്‍ രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബല്‍ മുജാഹിദ്ദീന്‍ പിന്നീട് ഏറ്റെടുത്തു. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതു കൊണ്ട് യോഗസ്ഥലത്ത് കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications