തമിഴക രാഷ്ട്രീയം പ്രക്ഷുബ്ധമാവുന്നു
ചെന്നൈ: നിയസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്്നാട് രാഷ്ട്രീയം പ്രക്ഷുബ്ധമാവുന്നു. ഭരണ മുന്നണിയിലും പ്രതിപക്ഷത്തും പ്രതിസന്ധി ദൃശ്യമാണ്.
പാട്ടാളി മക്കള്‍ കക്ഷിയും തമിഴക രാജീവ് കോണ്‍ഗ്രസും തമ്മിലുള്ള പോര് ഡിഎംകെ നേതൃത്വത്തിലുള്ള ഭരണപക്ഷത്തിന് തലവേദന ആയിരിക്കുകയാണ്. ഘടകക്ഷികളുടെ തമ്മിലടി കാരണം ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ഡിഎംകെയിലെ ആഭ്യന്തര കലഹവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ പിഎംകെ നേതാവ് രാംദാസ് കരുണാധിക്കു മുമ്പാകെ പുതിയ ആവശ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇവ അംഗീകരിക്കാത്ത പക്ഷം സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയും പിഎംകെ ഉയര്‍ത്തുന്നു.
പ്രതിപക്ഷത്ത് വിവിധ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ തന്നെയാണ് പ്രശ്നം. ലോകഭാ തിരഞ്ഞെടുപ്പിനു ശേഷം ടിഎംസി നേതാവ് ജി.കെ.മൂപ്പനാര്‍ മൂന്നാം മുന്നണി പിരിച്ചുവിട്ട് എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിയില്‍ ചേരാന്‍ തയ്യാറായി എങ്കിലും ഇതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
മുന്നണിയായി മത്സരിച്ച ശേഷം എഐഎഡിഎംകെയുടെ ഏകകക്ഷി ഭരണം ഇത്തവണ അംഗീകരിക്കാന്‍ പറ്റില്ലെന്ന് ടിഎംസിയും കോണ്‍ഗ്രസും കമ്മ്യൂണിസ്റ് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അധികാരത്തില്‍ പങ്കു വേണമെന്ന സഖ്യകക്ഷികളുടെ ആവശ്യം ജയലളിത അംഗീകരിച്ചിട്ടില്ല.
അതേസമയം കൊങ്കുനാട് മക്കള്‍ കക്ഷി, പിള്ളൈമാര്‍ പേരവൈ, പുതിയ നീതി കക്ഷി, തമിഴ് ദേശ കക്ഷി തുടങ്ങിയ ജാതി സംഘടനകള്‍ ഒരു മുന്നണിയായി മത്സരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മൂപ്പനാര്‍ നേതൃത്വം നല്കുകയാണെങ്കില്‍ വിശാലമായ മൂന്നാം മുന്നണി രൂപീകരിക്കാനും ഈ സംഘടനകളുടെ നേതാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications