ചെല്ലപ്പന്‍ പിള്ള അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.ചെല്ലപ്പന്‍ പിള്ള(98) ജനവരി 15 തിങ്കളാഴ്ച അന്തരിച്ചു.
സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി തിരുവിതാംകൂറില്‍ നടന്ന ഉത്തരവാദ പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു ചെല്ലപ്പന്‍ പിള്ള. ജവഹര്‍ലാല്‍ നെഹ്റുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമാരായിരിക്കുമ്പോള്‍ എഐസിസിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതലയുളള മേഖലാ പ്രതിനിധി ഇദ്ദേഹമായിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുള്ള ചെല്ലപ്പന്‍ പിള്ള മൂന്നു തവണ തിരുവിതാംകൂര്‍- കൊച്ചി നിയമസഭയിലേക്കും മൂന്നു തവണ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ തിങ്കളാഴ്ച പൊതുദര്‍ശനത്തിനു വെച്ച ചെല്ലപ്പന്‍ പിള്ളയുടെ മൃതദേഹത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹം പിന്നീട് തൈക്കാട് വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു.
മുഖ്യമന്ത്രി ഇ.കെ.നായനാര്‍, പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി, നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ എന്നിവര്‍ ചെല്ലപ്പന്‍ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു.












Click it and Unblock the Notifications