അദ്വാനിക്ക് സമന്‍സ്
ദില്ലി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹന്‍ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിക്ക് സമന്‍സയച്ചു.
മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ കമ്മീഷനു മുമ്പാകെ ഹാജരായി 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ തന്റെ പ്രവര്‍ത്തികള്‍ വിശദീകരിക്കാന്‍ അദ്വാനിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്കി. ജനവരി 22, 23 തീയതികളില്‍ ഹാജരാവാന്‍ അദ്വാനിക്ക് നേരത്തെ കമ്മീഷന്‍ സമന്‍സയച്ചിരുന്നതില്‍ മാറ്റം വരുത്തിയാണ് പുതിയ നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.
കേന്ദ്ര മാനവശേഷി വികസന മന്ത്രി മുരളിമനോഹര്‍ ജോഷിയോട് മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നത് മാര്‍ച്ച് 22, 23 തീയതികളിലേക്ക് മാറ്റിവെക്കുവാനും ലിബര്‍ഹന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതിയുടെ മൊഴി കമ്മീഷന്‍ ജനവരി 16 ചൊവാഴ്ച രേഖപ്പെടുത്തി. ഉമാഭാരതിയോട് ഫിബ്രവരി ഒമ്പതിന് കമ്മീഷനു മുമ്പാകെ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം നേതാവ് ജ്യോതി ബസു ജനവരി 29ന് കമ്മീഷനു മുമ്പാകെ ഹാജരായി മൊഴി നല്കും. പ്രമുഖ സ്വാതന്ത്യ്ര സമര സേനാനി നിര്‍മ്മല ദേശ്പാണ്ഡേ ജനവരി 30നും ആര്‍എസ്എസ് മേധാവി കെ.എസ്.സുദര്‍ശന്‍ ഫിബ്രവരി ആറിനും കമ്മീഷനു മുമ്പാകെ ഹാജരാവും.
തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുമ്പോള്‍ നിസ്സംഗത പാലിച്ചുവെന്ന് ആരോപണ വിധേയനായ മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിനോട് ഫിബ്രവരി 19, 20 തീയതികളില്‍ ഹാജരാവാനാണ് ലിബര്‍ഹന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications