ഗോശ്രീ പദ്ധതി വീണ്ടും നീളുമെന്ന് ആശങ്ക
കൊച്ചി: സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഗോശ്രീ പദ്ധതി വീണ്ടും അനിശ്ചിതമായി നീളാനിടയുണ്ടെന്ന് ആശങ്ക.
പദ്ധതിയ്ക്ക് വായ്പ നല്കാന്‍ തയാറായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്കില്‍ വിട്ടുവീഴ്ച കാട്ടാത്തതാണ് പ്രധാന കാരണം.പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന കൊച്ചി തുറമുഖ ട്രസ്റിന്റെ കടുംപിടുത്തവും കീറാമുട്ടിയാവുകയാണ്.
ഗോശ്രീ പാലം നിര്‍മ്മാണത്തിനായി 60 കോടി രൂപ വരെ വായ്പ നല്കാന്‍ തയാറാണെന്ന് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നു.എന്നാല്‍ 13.5 ശതമാനം പലിശയാണ് ഇവര്‍ ആവശ്യപ്പെട്ടത്.ഇത് പ്രകാരം തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ 80 കോടി രൂപയോളം പലിശ ഇനത്തില്‍ മാത്രം നല്കേണ്ടിവരും.പദ്ധതിക്കായി നികത്തിയെടുക്കുന്ന സ്ഥലം വിറ്റ് ഇത്രയും തുക സമാഹരിക്കാന്‍ കഴിയില്ല.
കഴിഞ്ഞ നവംബറില്‍ ധനകാര്യ സ്ഥാപനങ്ങളുടെ യോഗം ആദ്യമായി വിളിക്കുമ്പോള്‍ 84 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിച്ചിരുന്നത് .ഇപ്പോള്‍ ടെന്‍ഡര്‍ തുക ഗണ്യമായി കുറഞ്ഞതോടെ പദ്ധതിച്ചെലവ് 65 കോടി രൂപയിലെത്തി.
ഈ സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സമാഹരിക്കേണ്ട തുകയിലും കുറവ് വന്നു.പക്ഷെ പലിശയുടെ കാര്യത്തില്‍ വിവിധ ബാങ്കുകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതോടെ മൊത്തം പദ്ധതിച്ചെലവ് 130 കോടി രൂപയോളമെത്തുന്ന സ്ഥിതിയാണുള്ളത്.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി ആദ്യം നല്കിയ 84 കോടി രൂപയുടെ എസ്റിമേറ്റിന് പകരം പുതിയ എസ്റിമേറ്റ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.പുതുക്കിയ എസ്റിമേറ്റ് ഒരാഴ്ചയ്ക്കകം ബാങ്കുകള്‍ക്ക് നല്കും.
അതിനുശേഷം വീണ്ടും യോഗം വിളിക്കേണ്ടിവരും.ആദ്യയോഗത്തില്‍ പങ്കെടുത്ത 11 ധനകാര്യസ്ഥാപനങ്ങളില്‍ ഒമ്പതെണ്ണം ജനവരി 17 ബുധനാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തു.എറണാകുളം ജില്ലാ ബാങ്കാണ് ഏറ്റവും കൂടുതല്‍ പണം വായ്പയായി വാഗ്ദാനം ചെയ്തത്.20 കോടി രൂപ .
സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,സെന്‍ട്രല്‍ ബാങ്ക് ,ബാങ്ക് ഓഫ് ബറോഡ എന്നിവ പത്ത് കോടി രൂപ വീതവും കോട്ടയം ജില്ലാ സഹകരണ ബാങ്ക് നാല് കോടിരൂപയും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പത്ത് കോടി രൂപയും നല്കാമെന്ന് ഉറപ്പ് നല്കി.












Click it and Unblock the Notifications