ഹിന്ദുജമാര്‍ക്ക് സോപാധികജാമ്യം
ദില്ലി: ബോഫോഴ്സ് കേസ് വിചാരണചെയ്യുന്ന പ്രത്യേക സിബിഐ കോടതി ഹിന്ദുജ സഹോദരന്മാര്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചു.
ജനവരി 19 വെള്ളിയാഴ്ച കേസില്‍ ഇവരുടെ വാദം കേട്ടശേഷം പ്രത്യേക സിബിഐ ജഡ്ജി അജിത് ബാരിഹോകെയാണ് മൂന്നു പേര്‍ക്കും സോപാധിക ജാമ്യം അനുവദിച്ചത്.കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നുള്ളതാണ് ജാമ്യം അനുവദിക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥ.
മൂന്നു സഹോദരന്മാരും യഥാക്രമം രണ്ടു ലക്ഷം രൂപ വീതം ജാമ്യത്തുകയും അത്രതന്നെ തുകയ്ക്ക് വസ്തുജാമ്യവും നല്കണമെന്നും കോടതി വിധിച്ചു. ജനവരി 30ന് കോടതി വീണ്ടും കേസില്‍ വാദം കേള്‍ക്കും.
ജനവരി 22ന് യുഎസില്‍ നടക്കേണ്ട ഒരു അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ ഹിന്ദുജമാരെ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍ ഇതിന് കോടതിയില്‍ പ്രത്യേക അപേക്ഷനല്കാനും ജഡ്ജി വിധിച്ചു.
കേസിലെ മറ്റൊരു പ്രതി ഇറ്റാലിയില്‍ ബിസിനസ്സ് നടത്തുന്ന ഒട്ടാവിയോ ക്വത്ത്റോച്ചിയെ കേസിന്റെ വിചാരണയ്ക്ക് ജനവരി 22ന് ഇറ്റലി ഇന്ത്യയ്ക്ക് കൈമാറും.കുറ്റവാളികളെ കൈമാറാനുള്ള നിയമപ്രകാരമാണ് ഇറ്റലി ക്വത്ത് റോച്ചിയെ കൈമാറുന്നത്.ക്വത്ത്റോച്ചിയെ ജനവരി അവസാനം വിസ്തരിക്കുമെന്നും അങ്ങിനെയെങ്കില്‍ കേസിന്റെ വിസ്താരം ഒരേ സമയം മുന്നോട്ടുപോകുമെന്നും ജഡ്ജി അറിയിച്ചു.
ഹിന്ദുജമാരെ ചോദ്യം ചെയ്യുന്നതിന് പ്രതിഭാഗം അഭിഭാഷകന്റെ അനുമതി വാങ്ങാനും സിബിഐ അഭിഭാഷകന്‍ എന്‍.നടരാജനോട് കോടതി നിര്‍ദ്ദേശിച്ചു.നേരത്തെ ഹിന്ദുജ സഹോദരന്മാരെ ചോദ്യം ചെയ്യാന്‍ ഓരോരുത്തരെയും മൂന്നു ദിവസം വീതം വിട്ടു തരണമെന്ന സിബിഐ അഭിഭാഷകന്‍ എന്‍.നടരാജന്‍ കോടതിയില്‍ വാദിച്ചു.1999 മാര്‍ച്ചില്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിന്ന് യഥാര്‍ത്ഥരേഖകള്‍ ഇന്ത്യയിലെത്തിയതു മുതല്‍ ഹിന്ദുജസഹോദരന്മാര്‍ കേസന്വേഷണവുമായി സഹകരിച്ചില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം.
ഇന്ത്യ ഹൊവിറ്റ് സര്‍ തോക്കുകള്‍ വാങ്ങിയ വകയില്‍ ആയുധനിര്‍മ്മാണക്കമ്പനിയായ ബോഫോഴ്സ് 64 കോടി രൂപയുടെ കോഴ ഹിന്ദുജമാരുടെ പേരില്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകളാണ് സ്വിറ്റ്സര്‍ലന്റില്‍ നിന്ന് 1999 മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് ലഭിച്ചത്.അന്നു മുതല്‍ ഹിന്ദുജ സഹോദരന്മാര്‍ കേസന്വേഷണവുമായി നിസ്സഹകരിക്കുകയായിരുന്നു.












Click it and Unblock the Notifications