കൂട്ടക്കൊല: ആരെയും അറസ്റ് ചെയ്തിട്ടില്ലെന്ന്
കൊച്ചി: ആലുവ കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ അന്വേഷണം നടത്തിയെന്നും മൂന്ന് പേരെ കസ്റഡിയിലെടുത്തെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് നിഷേധിച്ചു.
നെടുമ്പാശ്ശേരിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് സംഘം മുംബൈയില്‍ പോയതെന്നാണ് എസ്പിയുടെ വിശദീകരണം.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഗസ്റിന്റെ ഒരു ബന്ധുവിനെ കുറിച്ചുള്ള അന്വേഷണത്തെ കുറിച്ചും പൊലീസ് മൗനം പാലിക്കുകയാണ്. ഇയാള്‍ ദമാമിലേക്ക് കടന്നിട്ടുണ്ടെന്നാണ് സംശയം. ഇയാളെ സൗദിയിലേക്ക് കടക്കാന്‍ സഹായിച്ച മൂന്ന് പേരെ കസ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടുകളാണ് പൊലീസ് നിഷേധിക്കുന്നത്.
അതിനിടെ പ്രതികള്‍ ആരെന്ന വിവരങ്ങള്‍ അടങ്ങിയ കത്ത് ജനവരി 18 വ്യാഴാഴ്ച ആലുവ റൂറല്‍ എസ്പി എം.സേതുരാഘവന് ലഭിച്ചതായി അറിയുന്നു. എന്നാല്‍ പൊലീസ് ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
മാഞ്ഞൂരാന്‍ കുടുംബത്തിന്റെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടന്ന വീട്ടില്‍ പണമുണ്ടായിട്ടും അത് അപഹരിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല അഗസ്റിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വരവില്‍ കവിഞ്ഞ സമ്പാദ്യം ഉണ്ടായിരുന്നില്ല. ധനാപഹരണമല്ല കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിന് ഈ വസ്തുതകള്‍ ബലം നല്‍കുന്നു.












Click it and Unblock the Notifications