പാതാളം ബണ്ട് നിര്‍മ്മാണം പുനരാരംഭിക്കുന്നു
കൊച്ചി: ഡ്രജറിന് ഡീസല്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പാതാളം ബണ്ടിന്റെ നിര്‍മ്മാണം ജനവരി 22 തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.
ഡീസല്‍ നല്‍കിയ ഇനത്തില്‍ ഭീമമായ തുക ലഭിക്കാനുള്ളതിനാല്‍ പെട്രോള്‍ ബങ്കുകള്‍ ഡീസല്‍ വിതരണം നിര്‍ത്തിവച്ചതാണ് നിര്‍മ്മാണം തടസപ്പെടാന്‍ കാരണം.
ബങ്കുടമകള്‍ക്ക് നല്‍കേണ്ട തുകയ്ക്കുള്ള ചെക്ക് സര്‍ക്കാരില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ചെന്നും തുക കൈമാറിയെന്നും അധികൃതര്‍ പറഞ്ഞു. കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും ഉപയോഗിക്കുന്ന പെരിയാറിലെ വെള്ളത്തില്‍ കായലില്‍ നിന്നും ഓരുജലം കലരുന്നത് തടയുന്നതിനാണ് പാതാളത്ത് ബണ്ട് കെട്ടുന്നത്.
പണമില്ലാതിരുന്നിട്ടും ബണ്ട് നിര്‍മ്മാണത്തിന് ഏലൂര്‍ വ്യവസായ മേഖലയിലെ ഫാക്ടറികള്‍ നല്‍കാമെന്നേറ്റിരുന്ന ധനസഹായം സ്വീകരിക്കാന്‍ വേണ്ട നടപടികളൊന്നും ഇറിഗേഷന്‍ വകുപ്പ് കൈക്കൊണ്ടിട്ടില്ല. ഓരുവെള്ള ഭീഷണി രൂക്ഷമായി കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് വ്യവസായ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.
എന്നാല്‍ സാങ്കേതിക തടസം പറഞ്ഞ് ഇറിഗേഷന്‍ വകുപ്പ് ധനസഹായം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പുറപ്പിള്ളിക്കടവിലെയും മഞ്ഞുമ്മലിലെയും ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയായതും ഇടമലയാറില്‍ നിന്നും നീരൊഴുക്ക് വര്‍ദ്ധിച്ചതിനാലും പെരിയാറില്‍ ഉപ്പിന്റെ തോത് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് വ്യവസായ സ്ഥാപനങ്ങളുടെ സമ്മര്‍ദം കുറഞ്ഞതും ബണ്ട് നിര്‍മാണം വൈകാനിടയാക്കി.












Click it and Unblock the Notifications