ഹിന്ദുജയെ ചോദ്യംചെയ്യല്‍ തുടരുന്നു
ദില്ലി: ബോഫോഴ്സ് ഇടപാടില്‍ കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഹിന്ദുജ സഹോദരന്മാരില്‍ മൂത്തയാളായ എസ്.പി.ഹിന്ദുജയെ തുടര്‍ച്ചയായ നാലാം ദിവസവും സിബിഐ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ജനവരി 19 വെള്ളിയാഴ്ചയാണ് എസ്.പി. ഹിന്ദുജയെ സിബിഐ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.ഓരോ ദിവസവും 10 മണിക്കൂറോളം വീതം ചോദ്യം ചെയ്യുന്നുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
അതേ സമയം മറ്റ് രണ്ട് ഹിന്ദുജ സഹോദരന്മാരായ ജി.പി.ഹിന്ദുജയെയും പി.പി.ഹിന്ദുജയെയും ഇതു വരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ല.സിബിഐ പ്രത്യേക ജഡ്ജി അജിത് ബാരിഹോക് ഹിന്ദുജ സഹോദരന്മാരെ ജനവരി 30 വരെ ചോദ്യംചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്കിയിട്ടുണ്ട്.
ഇതാദ്യമായാണ് സിബിഐയ്ക്ക് ഹിന്ദുജ സഹോദരന്മാരെ ചോദ്യം ചെയ്യാന്‍ കിട്ടിയത്. ബോഫോഴ്സ് തോക്കിടപാടിനെത്തുടര്‍ന്ന് ഏകദേശം 8.1 കോടി സ്വീഡിഷ് ക്രോണര്‍ ഹിന്ദുജ സഹോദരന്മാര്‍ക്ക് ബോഫോഴ്സ് കമ്പനി കോഴ നല്കിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
എന്നാല്‍ ഈ തുക കോഴയായി കിട്ടിയതല്ലെന്നാണ് ഹിന്ദുജ സഹോദരന്മാരുടെ വാദം. അതേ സമയം ബോഫോഴ്സ് കോഴയിടപാടില്‍ കോടതി വിചാരണയ്ക്കായി ഇന്ത്യയിലെത്തിയ ഹിന്ദുജ സഹോദരന്മാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടു.
രണ്ടു വര്‍ഷം മുന്‍പ് ബ്രിട്ടീഷ് പൗരത്വത്തിനു വേണ്ടിയുള്ള ഹിന്ദുജ സഹോദരന്‍മാരുടെ അപേക്ഷ തള്ളിയിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം അസാധാരണ വേഗതയില്‍ ഹിന്ദുജസഹോദരന്മാര്‍ക്ക് പൗരത്വം നല്കുകയായിരുന്നു.












Click it and Unblock the Notifications