അക്രമം: റെഡ്ക്രോസ് സെക്രട്ടറി അറസ്റില്‍
തിരുവനന്തപുരം: കേരള ഗവര്‍മെന്റ് നഴ്സസ് അസോസിയേഷന്‍ ഓഫീസ് ആക്രമിക്കുകയും ഏഴു പേരെ പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ റെഡ്ക്രോസ് സെക്രട്ടറിയും തിരുവനന്തപുരം സംസ്കൃതകോളേജ് അധ്യാപകനുമായ പ്രൊഫ.അരുമാനൂര്‍ നിര്‍മലാനന്ദനെ പൊലീസ് അറസ്റ് ചെയ്തു.
അക്രമത്തിന് നേതൃത്വം നല്‍കിയെന്നതാണ് നിര്‍മലാനന്ദനെതിരെയുള്ളകേസ്. പൊലീസ് സ്റേഷനിലെ കക്കൂസ് ക്ലോസറ്റില്‍ കാലകപ്പെട്ട് പരിക്കേറ്റ നിര്‍മലാനന്ദനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനുവരി 22 തിങ്കളാഴ്ച വൈകുന്നേരമാണ് കേരള ഗവര്‍മെന്റ് നഴ്സസ് അസോസിയേഷന്‍ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ജനറല്‍ ആശുപത്രി കോമ്പൗണ്ടിനുള്ളിലെ ഓഫീസിനു നേരെ നടന്ന അക്രമത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. കമ്പിപ്പാരയും പാറക്കല്ലും ട്യൂബ്ലൈറ്റും വെട്ടുകത്തിയും കൊണ്ടായിരുന്നു ആക്രമണം.
അക്രമത്തില്‍ പരിക്കേറ്റ അസോസിയേഷന്‍ പ്രസിഡണ്ട് ഗ്രേസിയടക്കമുള്ളവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെഡ്ക്രോസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് നഴ്സസ് അസോസിയേഷന്‍ ആരോപിക്കുന്നത്. നേരത്തെ റെഡ്ക്രോസും അസോസിയേഷനും തമ്മില്‍ ചില ഉരസലുകളുണ്ടായിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ നഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയിരുന്നെങ്കിലും അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേല്‍ പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications