ട്രെയിനിനു മുന്നില്‍ കുടുങ്ങിയ അമ്മയെ മകള്‍ രക്ഷിച്ചു
കൊല്ലം: റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിനിനു മുന്നില്‍ കുടുങ്ങിയ അമ്മയ്ക്ക് രക്ഷകയായി മകളെത്തി. ജനവരി 23 ചൊവാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കൊല്ലം ഡിഎസ്പി ഓഫീസിനടത്തുള്ള ലവല്‍ക്രോസിലാണ് സംഭവം.
കൊല്ലം മുണ്ടയ്ക്കല്‍ വടക്കതില്‍ അരുണോദയത്തില്‍ വസന്തകുമാരി (42) മകള്‍ സ്മിത (20)യുമൊത്ത് കേരള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വെള്ളക്കരം അടച്ചുവരുമ്പോഴാണ് അപകടം നടന്നത്. ഡിഎസ്പി ഓഫീസനടുത്ത് എത്തിയപ്പോള്‍ തിരുവനന്തപുരത്ത് നിന്നുള്ള കൊല്ലം ഷട്ടില്‍ ട്രെയിനിനു വേണ്ടി ലവല്‍ക്രോസ് അടച്ചിട്ടിരിക്കുകയായിരുന്നു. തീവണ്ടി പോയിക്കഴിഞ്ഞപ്പോള്‍ മറ്റ് ആളുകള്‍ക്കൊപ്പം അമ്മയും മകളും പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചു.
ഒരു ട്രാക്ക് മുറിച്ചുകടന്നപ്പോഴേക്കും തിരുവനന്തപുരത്തേക്ക് പോകുന്ന ചരക്കുവണ്ടി രണ്ടാം ട്രാക്കിലൂടെ കുതിച്ചെത്തി. സ്മിതയും മറ്റുള്ളവരും ഓടി തെന്നിമാറിയപ്പോള്‍ വസന്തകുമാരി ട്രാക്കില്‍ മലര്‍ന്നുവീണു. വീണുകിടക്കുന്ന അമ്മയുടെ നേരെ തീവണ്ടി അടുക്കുന്നതുകണ്ടപ്പോള്‍ സ്മിത ഒന്നു നിലവിളിച്ചുപോയി. ഉടന്‍തന്നെ ധൈര്യം സംഭരിച്ച് പാളത്തില്‍ ഓടിയെത്തി അമ്മയെ വലിച്ചു മാറ്റി. വസന്തകുമാരിയുടെ കാലുകളില്‍ തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ തീവണ്ടി കടന്നുപോവുകയും ചെയ്തു.
നഷ്ടപ്പെട്ടെന്ന് കരുതിയ അമ്മയെ കെട്ടിപ്പിടിച്ച് കിടന്ന സ്മിതയ്ക്ക് പൂര്‍വസ്ഥിതി കൈവരിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. പാളത്തില്‍ നിന്ന് വലിച്ചിട്ടതു കാരണം വസന്തകുമാരിയുടെ ശരീരത്തില്‍ നിസ്സാര പരിക്കുള്‍ ഉണ്ട്.
കൊല്ലം എസ്എന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ് സ്മിത. സ്മിതയുടെ ധീരതയെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.












Click it and Unblock the Notifications