ഗോശ്രീ: സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഗോശ്രീ പദ്ധതിക്കായി കൊച്ചി കായലില്‍ നിന്നും നികത്തിയെടുത്ത 25 ഹെക്ടര്‍ സ്ഥലത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും ഗോശ്രീ ദ്വീപ് വികസന അതോറിറ്റി അപേക്ഷ ക്ഷണിച്ചു. സ്വാശ്രയരീതിയില്‍ നടപ്പാക്കുന്ന ഗോശ്രീ പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതിനാണ് നികത്തിയെടുത്ത സ്ഥലം വില്‍ക്കുന്നത്.
പദ്ധതിക്കായി ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന മുന്‍കൂര്‍ വായ്പക്ക് ഈടായി നല്‍കുന്നത് ഈ സ്ഥലമാണ്. എറണാകുളം മറൈന്‍ ഡ്രൈവിന്റെ തുടര്‍ച്ചയായി വടക്കുഭാഗത്തേക്ക് നികത്തിയെടുത്ത സ്ഥലമാണ് വാണിജ്യ സംരംഭകര്‍ക്ക് കൈമാറുന്നത്. സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്നും എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ് ക്ഷണിച്ച് ഗോശ്രീ അതോറിറ്റി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു.
മഹാനഗരമായി വളരുന്ന കൊച്ചിക്ക് അനുയോജ്യമായ സംരംഭങ്ങള്‍ക്കാണ് ഇവിടെ അനുമതി നല്‍കുകയെന്ന് ഗോശ്രീ പദ്ധതി ഡയറക്ടര്‍ ഡോ.വി.പി.ചന്ദ്രമോഹന്‍ പറഞ്ഞു. മതിയായ പരിചയവും വിഭവശേഷിയും കാഴ്ചപ്പാടുമുള്ളവര്‍ക്കാണ് സ്ഥലം വില്‍ക്കുക. ഇപ്പോള്‍ ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി ഷോര്‍ട്ട് ലിസ്റ് തയാറാക്കും.
ഗോശ്രീ പദ്ധതിയുടെ വിശദാംശങ്ങളും നികത്തിയെടുത്ത സ്ഥലത്ത് വിഭാവനം ചെയ്യുന്ന റോഡ് ശൃംഖലയുടെ രൂപരേഖയും ഉള്‍പ്പെട്ട പദ്ധതിരേഖ പാര്‍ക്ക് അവന്യുവിലെ ഗോശ്രീ അതോറിറ്റി ഓഫീസില്‍ നിന്നും ജനവരി 29 മുതല്‍ ഫിബ്രവരി 26 വരെ 1100 രൂപയ്ക്ക് ലഭിക്കും. തപാലില്‍ ലഭിക്കേണ്ടവര്‍ സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി എന്ന പേരില്‍ 1200 രൂപയുടെ ഡ്രാഫ്റ്റ് അയക്കണം. എക്സ്പ്രഷന്‍ ഒഫ് ഇന്ററസ്റ് ഗോശ്രീ ഓഫീസില്‍ ലഭിക്കേണ്ട അവസാനതീയതി ഫിബ്രവരി 28.












Click it and Unblock the Notifications