മരിച്ച അമ്മയുടെ മടിയില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചു
ഭുജ്: ഭൂകമ്പം നടന്ന് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടെങ്കിലും സുരക്ഷാപ്രവര്‍ത്തനം തുടരുന്ന സൈനികര്‍ എങ്ങും ദൈന്യം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലും ചിലപ്പോള്‍ അത്ഭുതങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
എട്ട് മാസം മാത്രം പ്രായമായ മുര്‍താസാ അലിയെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെടുക്കുമ്പോള്‍ ഭൂകമ്പം നടന്നിട്ട് 80 മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. സുരക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ മരിച്ച് കിടക്കുന്ന അമ്മയുടെ കൈകളില്‍ കിടന്ന് കരയുകയായിരുന്നു കുട്ടി. ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട ആ കുട്ടിയുടെ അടുത്ത് തന്നെ അഛനും മരിച്ചുകിടക്കുന്നുണ്ടായിരുന്നു.
പഴയ ഭുജ് പട്ടണത്തിലെ ഗോറര നൂര്‍ ഫാലിയിലെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുട്ടിയെ ജനവരി 29 തിങ്കളാഴ്ച വൈകുന്നേരം കണ്ടെടുത്തത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തവെ പൂച്ച കരയുന്നതു പോലുള്ള ഒരു ശബ്ദം കേട്ടാണ് സുരക്ഷാപ്രവര്‍ത്തകര്‍ ശബ്ദത്തിന്റെ ഉറവിടം തേടി പോയത്.
അമ്മയുടെ കൈകളില്‍ കിടന്ന് മുലപ്പാല്‍ നുണയുമ്പോഴാകാം ഭൂചലനം നടന്നതെന്ന് സുരക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അമ്മയുടെ മൃതശരീരം ജീര്‍ണിച്ച് പുഴുവരിക്കുന്ന നിലയിലായിരുന്നു.
കുട്ടിയുടെ വായില്‍ രക്തത്തുള്ളികളുണ്ടായിരുന്നെങ്കിലും കാര്യമായ മുറിവുകളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പിലേക്ക് കുട്ടിയെ മാറ്റി.












Click it and Unblock the Notifications