മലേഷ്യയില്‍ നാളികേരത്തിന് 23രൂപ
ക്വാലാലമ്പൂര്‍: കേരളത്തില്‍ രണ്ടുരൂപ മാത്രമുളള നാളികേരത്തിന് മലേഷ്യയിലിപ്പോള്‍ തീവില.
ഒരു നാളികേരത്തിന് ഏകദേശം രണ്ടു റിംഗിറ്റ് (23 രൂപ )വരെയാണ് അവിടത്തെ വില.ഫിബ്രവരി മാസത്തില്‍ അവിടെ നാളികേരത്തിന് ഇനിയും വില ഉയരും. ഫിബ്രവരി ഏഴിനാണ് മലേഷ്യയില്‍ ഹൈന്ദവഉത്സവാഘോഷം തുടങ്ങുന്നത്. ഇവിടത്തെ സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഉത്സവമായാല്‍ തേങ്ങയുടയ്ക്കുന്നവരുടെ എണ്ണവും കൂടും.
ഏറ്റവുമൊടുവിലുത്തെ കണക്കനുസരിച്ച് ഹൈന്ദവ ഉത്സവ സീസണായാല്‍ മലേഷ്യയിലെ മൊത്തം നാളികേരോല്പാദനത്തിന്റെ പകുതിവരെ ക്ഷേത്രങ്ങളില്‍ വഴിപാടിനുപയോഗിക്കുന്നതായി കണക്കുകള്‍ പറയുന്നു.
ഇപ്പോഴിതാ നാളികേരത്തെച്ചൊല്ലി മലേഷ്യയില്‍ രണ്ടു സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഒരു സംഘട്ടനത്തിന്റെ വക്കിലെത്തി നില്ക്കുകയാണ്. വഴിപാടിനായി നാളികേരം അമിതമായി ഉപയോഗിക്കുന്നതിനെതിരെ മലേഷ്യയിലെ ഉപഭോക്തൃ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ഇക്കുറി തൈപ്പൂയ ആഘോഷത്തോടനുബന്ധിച്ച് വഴിപാടായി നടക്കുന്ന നാളികേരമുടയ്ക്കല്‍ ചടങ്ങ് കുറയ്ക്കണമെന്ന് പെനാങ്ങ് കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍(സിഎപി) അഭിപ്രായപ്പെടുന്നു.
നാളികേരമുടയ്ക്കുന്നതൊഴിവാക്കി അതിനുപയോഗിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് സംഭാവനയായി നല്കാനാണ് ഞങ്ങള്‍ പറയുന്നത്-സിഎപിയുടെ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.വി.സുബറാവോ പറയുന്നു.എന്നാല്‍ മുരുകന് നാളികേരമുടയ്ക്കുന്നത് കുറയ്ക്കാന്‍ പറയാന്‍ ഉപഭോക്തൃ അസോസിയേഷന് എന്തധികാരമാണുള്ളതെന്ന് മലേഷ്യന്‍ ഹിന്ദു യൂത്ത് കൗണ്‍സില്‍ ചോദിക്കുന്നു.
മലേഷ്യയിലെ പ്രശസ്ത ദ്വീപായ പെനാങ്ങിലാണ് ഏറ്റവുമധികം ഹിന്ദു ക്ഷേത്രങ്ങളുള്ളത്.ഇവിടെയാണ് നാളികേരമുടയ്ക്കല്‍ ചടങ്ങ് ഏറ്റവുമധികം നടക്കുന്നത്.എന്നാല്‍ മതകാര്യങ്ങളില്‍ ആരും തലയിടേണ്ടെന്ന് ഹിന്ദു യൂത്ത് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍.വേലായുതം പറയുന്നു.












Click it and Unblock the Notifications