പ്രത്യേകതീവണ്ടി തിരുവനന്തപുരത്തേക്ക് നീട്ടി
കൊച്ചി: ഭൂകമ്പത്തിനിരയായ ഗുജറാത്തിലെ ഗാന്ധിധാമില്‍ നിന്നും മലയാളികളുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി കോട്ടയം വഴി തിരുവനന്തപുരം വരെ നീട്ടിയതായി കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.
ഫിബ്രവരി മൂന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തീവണ്ടി തിരുവനന്തപുരത്തെത്തും. ഗാന്ധിധാമില്‍ നിന്നും എറണാകുളം വരെ തീവണ്ടി ഓടിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
ഗുജറാത്തില്‍ റെയില്‍വെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ശേഷം കൊച്ചിയിലെത്തിയ രാജഗോപാല്‍ ഫിബ്രവരി ഒന്ന് വ്യാഴാഴ്ച ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഭൂകമ്പത്തില്‍ പശ്ചിമ റെയില്‍വെയ്ക്ക് 50 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നൂറോളം സ്റേഷനുകള്‍ക്കും 36 പാലങ്ങള്‍ക്കും കേടുപാടുണ്ടായി. പതിനഞ്ച് ക്യാബിനുകള്‍ പൂര്‍ണമായും തകര്‍ന്നു. എട്ട് ജീവനക്കാര്‍ മരിച്ചു. അമ്പതിലേറെ റെയില്‍വെ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് പരിക്കുപറ്റി.
ചില സ്ഥലങ്ങളില്‍ റെയില്‍പാത ഒരടി വരെ താഴ്ന്നു. പാളങ്ങളുടെ അലൈന്‍മെന്റ് പല സ്ഥലങ്ങളിലും മാറിയതായി മന്ത്രി പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് ഗുജറാത്തില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവെക്കുകയായിരുന്നു. രണ്ടായിരത്തോളം ജീവനക്കാരെ രംഗത്തിറക്കി 24 മണിക്കൂര്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്.
ഗുജറാത്തിലെ മലയാളി സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് അധികൃതരുമായി ബന്ധപ്പെട്ട് പ്രത്യേക തീവണ്ടി ഓടിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് രാജഗോപാല്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നില്ലെന്ന് ആരോപിക്കുന്നവര്‍ സ്ഥിതിഗതികള്‍ മനസിലാക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. താലൂക്ക് ഓഫീസുകളും കളക്ടറേറ്റും പൊലീസ് സ്റേഷനും എല്ലാം തകര്‍ന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നുള്ള 20 ഡോക്ടര്‍മാരുടെ സംഘം ഭൂകമ്പം നാശം വിതച്ച അഞ്ചാര്‍ എന്ന സ്ഥലത്തെത്തിയിട്ടുണ്ട്. സംഘത്തെ സഹായിക്കാനായി 40 എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ഗുജറാത്തിലെത്തിയിട്ടുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications