ആദിവാസികള്‍ക്കു നേരെ അതിക്രമം കാട്ടി
തിരുവനന്തപുരം: വീരപ്പനെ തേടിയുള്ള തിരച്ചിലിനിടയില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു നേരെ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പ്രത്യേക ദൗത്യ സേന അതിക്രമങ്ങള്‍ കാട്ടിയെന്ന് തമിഴ് ദേശീയ നേതാവ് പി.നെടുമാരന്‍ ആരോപിച്ചു.
മനുഷ്യാവകാശ സമിതി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഫിബ്രവരി ഒന്ന് വ്യാഴാഴ്ച സംസാരിക്കുകയായിരുന്നു നെടുമാരന്‍.
കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും കാടുകളിലെ ആദിവാസികള്‍ക്കു നേരെ അക്രമങ്ങളഴിച്ചുവിട്ട ചരിത്രമാണ് പ്രത്യേക ദൗത്യ സേനയ്ക്കുള്ളത്. അത് കേരളത്തിലെ ആദിവാസികള്‍ക്കു നേരെയും ഉണ്ടാകുന്നതിന് അനുവദിച്ചുകൂടാ- അദ്ദേഹം പറഞ്ഞു.
ദൗത്യസേന മുമ്പ് നടത്തിയ ഓപ്പറേഷനുകള്‍ക്കിടയില്‍ 90 ആദിവാസികളെയാണ് അറസ്റ് ചെയ്തതിനുശേഷം വെടിവെച്ചുകൊന്നത്. അറുപത് ആദിവാസി സ്ത്രീകളെ അറസ്റ് ചെയ്തു. മുന്നൂറ് പേരെ അനധികൃതമായി പിടിച്ചുവെക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
യഥാര്‍ഥ വസ്തുതകള്‍ ശേഖരിക്കാനായി ഫിബ്രവരി 10ന് മനുഷ്യാവകാശ സമിതി സംഘം അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് സമിതി ജനറല്‍ സെക്രട്ടറി മുകുന്ദന്‍ സി. മേനോന്‍ പറഞ്ഞു.
ഫൂലന്‍ദേവിയെപ്പോലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് നിര്‍ത്തി സാധാരണ ജീവിതം നയിക്കാന്‍ വീരപ്പനും അവസരം നല്‍കണമെന്ന് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളോട് ഇരുവരും ആവശ്യപ്പെട്ടു.












Click it and Unblock the Notifications