കേരളത്തില്‍ വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കരാര്‍
കൊച്ചി:കൊച്ചിയിലെ പുതുവൈപ്പിനില്‍ 2004 ല്‍ പൂര്‍ത്തിയാക്കുന്ന ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനലില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാതക പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും(ഗെയ്ല്‍) കേരളാ വ്യവസായ വികസന കോര്‍പ്പറേഷനും(കെഎസ്ഐഡിസി) ഒപ്പുവച്ചു.
ഫിബ്രവരി രണ്ട് വെള്ളിയാഴ്ചയാണ് കരാറില്‍ ഒപ്പുവെച്ചത് .3700 കോടി ചെലവില്‍ ഘട്ടംഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ വ്യവസായവികസനത്തിന് ആക്കം കൂട്ടുമെന്ന് കരുതുന്നു.പദ്ധതി കേരളത്തിലെ വിവിധ സ്ഥലങ്ങളേയും കര്‍ണ്ണാടകത്തേയും ഗ്യാസ് പൈപ്പ് ലൈനുകള്‍ വഴി ബന്ധിപ്പിക്കുമെന്ന് ഗെയ്ല്‍ ഡയറക്ടര്‍ എച്ച്. പി. ചന്ദ്നയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണും കരാറൊപ്പുവച്ചതിനു ശേഷം നടത്തിയ പത്രസമ്മേളത്തില്‍ പറഞ്ഞു.
ഏകദേശം 570 കിലോമീറ്റര്‍ ദൂരത്തില്‍ പ്രകൃതി വാതകം കടത്തിവിടാവുന്ന പൈപ്പ് ലൈനുകള്‍ ഇടാന്‍ 1700 കോടിയാണ് ചെലവ്. പദ്ധതിക്ക് മുന്നോടിയായുള്ള സാമ്പത്തിക -സാങ്കേതിക പഠനങ്ങള്‍ ഗെയ്ല്‍ നടത്തും. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി വാങ്ങുകയുമാണ് കെഎസ്ഐഡിസിയുടെ ചുമതല.
പുതിയ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 25 ലക്ഷം ടണ്‍ പ്രകൃതി വാതകം സംസ്ഥനത്തിന് ലഭിക്കും.അടുത്ത ഘട്ടത്തില്‍ ഇത് 50 ലക്ഷം ടണ്‍ ആയി ഉയരും ഈ ടെര്‍മിനലുമായി കായംകുളം താപനിലയത്തേയും കാസര്‍കോടിനെയും കര്‍ണ്ണാടകത്തിലെ മാംഗ്ലൂരിനേയും വാതക പൈപ്പ് ലൈന്‍ വഴി ബന്ധിപ്പിക്കും.
ഇപ്പോള്‍ നാഫ്ത ഉപയോഗിച്ചാണ് കായംകുളം താപനിലയത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് . ദ്രവീകൃത വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്നതോടെ കായംകുളം താപനിലയത്തിന് കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ഗ്യാസ് ടെര്‍മിനല്‍ വരുന്നതോടെ ഏകദേശം 10,000 കോടിയുടെ വ്യാവസായ നിക്ഷേപം കേരളത്തിലേക്കു വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎസ് ഐഡിസി ചെയര്‍മാന്‍ ടി. കെ. എ. നായര്‍ പറഞ്ഞു.
വ്യാവസായിക ഉപയോഗത്തിന് അത്യാവശ്യമാണ് പ്രകൃതിവാതകം. ഓട്ടോമൊബൈല്‍ രംഗത്തും ഗാര്‍ഹിക ഉപയോഗത്തിനും ഇത് അത്യാവശ്യം തന്നെ.അതുകൊണ്ട് വരുംവര്‍ഷങ്ങളില്‍ പ്രകൃതിവാതകത്തിനുള്ള ആവശ്യക്കാര്‍ കുറയില്ലെന്ന് ജിജി തോംസണ്‍ പറഞ്ഞു.
കേരളത്തിലെ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രകൃതിവാതകം നല്കുന്നത് സംബന്ധിച്ച് ജിഎഐഎല്‍ ഇപ്പോഴേ കരാറിലെത്തിക്കഴിഞ്ഞു. പാലക്കാട് തുടങ്ങാനിരിക്കുന്ന 330 മെഗാവാട് നിലയത്തിനും പുതിയ ദ്രവീകൃത വാതക നിലയത്തില്‍ നിന്ന് ഇന്ധനം നല്കും.പവര്‍ ജനറേറ്റിങ്ങ് കമ്പനി , കണ്ണൂര്‍ പവര്‍ പ്രൊജക്ട് , കാസര്‍കോടുള്ള താപനിലയം,സിയാസിന്‍ എനര്‍ജി എന്നീ കമ്പനികളുമായി കരാറൊപ്പിട്ടു കഴിഞ്ഞു.എഫ്എസിടി,എന്‍ടിപിസി , ഏലൂര്‍ പാതാളത്തെ ബിഎസ് ഇഎസ് താപനിലയം ,ബിപിഎല്‍ പവര്‍ ,ആര്‍ പിജി പവര്‍ എന്നീ കമ്പനികളുമായി കരാറിലേര്‍പ്പെടുമെന്നും ചന്ദ്ന പറഞ്ഞു.1999-2000 ല്‍ 8,415 കോടിയുടെ വിറ്റുവരവ് നേടിയ കമ്പനിയാണ് ഗെയ്ല്‍.
ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കമ്മീഷന്‍ ,ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ,ഭാരത് പെട്രോളിയം കോര്‍പറേഷന്‍ , ഗ്യാസ ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായ പെട്രോനെറ്റ് എല്‍എന്‍ ജി ലിമിറ്റഡാണ് പുതുവൈപ്പിനില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. 2000 കോടി ചെലവില്‍ കൊച്ചിയിലെ വൈപ്പിനില്‍ പുതുവൈപ്പിന്‍ കടപ്പുറത്ത് സ്ഥാപിക്കുന്ന ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ടെര്‍മിനല്‍ 2004 ല്‍ പൂര്‍ത്തിയാകും.ഖത്തറിലെ റാസ് ഗ്യാസ് കമ്പനിയില്‍ നിന്നും പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്ത് വാതകമാക്കി പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യാനുള്ളതാണ് പദ്ധതി.












Click it and Unblock the Notifications