ഭൂകമ്പമെന്ന് കരുതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്ക്
തൃശൂര്‍: ഇടിമുഴക്കത്തിന്റെ ശബ്ദം ഭൂചലനമാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ക്യാമ്പ് കെട്ടിടത്തില്‍ നിന്ന് താഴേക്കുചാടിയ 32 പേര്‍ക്ക് പരിക്കേറ്റു.
രാമവര്‍മപുരം എആര്‍ ക്യാമ്പിന്റെ മൂന്നാം നിലയില്‍ നിന്ന് പുറത്തേക്കു ചാടിയ പൊലീസ് ട്രെയിനികള്‍ക്കാണ് പരിക്ക് പറ്റിയത്.
ഇരുന്നൂറോളം പൊലീസ് ട്രെയിനികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഫിബ്രവരി രണ്ട് വെള്ളിയാഴ്ച വെളുപ്പിന് ഒരു മണിയോടെ ഇടിമുഴക്ക ശബ്ദം കേട്ട് ഇവര്‍ ഞെട്ടിയുണരുകയായിരുന്നു. പാത്രങ്ങളും മറ്റും തറയില്‍ വീണതോടെ ഇത് ഭൂചലനം തന്നെയെന്ന് അവര്‍ ഭയന്നു.
ഭൂചലനം ഉണ്ടാവുകയാണെങ്കില്‍ പഴകിജീര്‍ണിച്ച ക്യാമ്പ് കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ താമസിക്കുന്നവര്‍ താഴേക്ക് ചാടിക്കൊള്ളണമെന്ന് മേലുദ്യോഗസ്ഥര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഭയവും മേലുദ്യോഗസ്ഥരുടെ നിര്‍ദേശവും കൂടിയായപ്പോള്‍ 32 പേര്‍ ഉടന്‍തന്നെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഇവരെ മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കാര്യമായ പരിക്കേല്‍ക്കാത്ത പത്തു പേര്‍ ആശുപത്രി വിട്ടു. 22 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.












Click it and Unblock the Notifications