വ്യാജകാസറ്റിനെതിരെ കര്‍ശന നടപടി
കൊച്ചി: വ്യാജ ഓഡിയോ കാസറ്റുകള്‍ക്കും സിഡികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള ഓഡിയോ കാസറ്റ്സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍. വ്യാജകാസറ്റുകളുടെ അതിപ്രസരം മൂലം ലക്ഷങ്ങള്‍ മുടക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വന്‍പ്രതിസന്ധി നേരിടുകയാണെന്ന് ഫിബ്രവരി മൂന്ന് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വ്യാജകാസറ്റുകള്‍ക്കെതിരെ ഹൈക്കോടതി വിധി വന്നിട്ടുപോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂവ നടപടിയുണ്ടായിട്ടില്ല. പൊലീസും വ്യാജകാസറ്റുകള്‍ക്കു നേരെ കണ്ണടക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യാജകാസറ്റുകള്‍ പിടിച്ചെടുക്കുന്നതിനായി അസോസിയേഷന്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ടി.എം.അയൂബ് പറഞ്ഞു.
സര്‍വീസില്‍ നിന്നും വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന സെല്‍ ഇതിനകം കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും വ്യാജകാസറ്റുകളുടെ വന്‍ശേഖരം പിടിച്ചെടുത്തു. കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കേസും എടുത്തിട്ടുണ്ട്. എംപി മൂന്ന് സാങ്കേതികവിദ്യ ഉപയോഗിച്ച് സിഡി കോപ്പി ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കും.
അസോസിയേഷന്റെ ധനശേഖരണാര്‍ഥം വരുന്ന മെയ് മാസത്തില്‍ ഹരിഹരന്റെയും ഉഷാ ഉതുപ്പിന്റെയും സംഗീതനിശകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ നടത്തും. എറണാകുളം ആസ്ഥാനമാക്കി സംഗീത അക്കാദമി സ്ഥാപിക്കാനും ഈ വര്‍ഷം മുതല്‍ ഓഡിയോ കാസറ്റ് അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications