കണ്ണൂര്‍ നിലയം: ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
കൊച്ചി:1500 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കണ്ണൂര്‍ താപവൈദ്യുതനിലയത്തിന്റെ പ്രവര്‍ത്തനത്തിന് പ്രകൃതിവാതകം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ഗ്യാസ് അതോറിറ്റ് ഓഫ് ഇന്ത്യ ലിമിറ്റഡും(ഗെയ്ല്‍) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
കണ്ണൂര്‍ താപവൈദ്യുതനിലയ പദ്ധതിയുടെ സൂത്രധാരനായ കെ.പി.പി നമ്പ്യാരുടെ സാന്നിധ്യത്തിലാണ് ഫിബ്രവരി മൂന്ന് ശനിയാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ദിവസവും 22.50 ലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഗെയ്ല്‍ കണ്ണൂര്‍ താപവൈദ്യുതനിലയത്തിന്റെ പ്രവര്‍ത്തനത്തിനായി നല്‍കുമെന്നാണ് കരാര്‍.
കണ്ണൂര്‍ വൈദ്യുത നിലയത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വില്ക്കാനാവുമെന്ന് കെ.പി.പി.നമ്പ്യാര്‍ പറഞ്ഞു. കാരണം വളരെ കുറഞ്ഞ ചെലവില്‍ ഇവിടെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. മൂന്ന് കോടി രൂപ ചെലവില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാവും. കായംകുളം താപനിലയത്തിനേക്കാള്‍ കുറഞ്ഞ നിരക്കാണിത്-നമ്പ്യാര്‍ പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ എല്‍പാസോയുമായി സാങ്കേതികവും സാമ്പത്തികവുമായ സഹകരണത്തിനായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിന്റെ വൈദ്യുതോല്പാദനം തീരെ അപര്യാപ്തമാണെന്ന് നമ്പ്യാര്‍ പറഞ്ഞു. 2003- 2004 ഓടെ കേരളം 1,468 മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയുള്ള സംസ്ഥാനമായി മാറും. കാനഡയിലുള്ള എസ്എന്‍സി ലെവലിന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയ പഠനത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ 15-ാം വൈദ്യുതിവിതരണ സര്‍വെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രവും ഇത് അംഗീകരിച്ചിട്ടുള്ളതാണ്- നമ്പ്യാര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന് കൂടുതല്‍ വൈദ്യുതി ആവശ്യമായിരിക്കുന്ന സാഹചര്യമാണിത്. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 14 ലക്ഷം കമ്പ്യൂട്ടറുകള്‍ കൂടി സ്ഥാപിക്കും.ഇതിന് മാത്രം 1000 മെഗാവാട്ട് വൈദ്യുതി കേരളത്തിന് കൂടുതല്‍ ആവശ്യമായി വരുമെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പറഞ്ഞ കാര്യവും നമ്പ്യാര്‍ ചൂണ്ടിക്കാട്ടി.
വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന മലബാറിലെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെ വ്യവസായമേഖലയില്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുവരാന്‍ കണ്ണൂര്‍ വൈദ്യുതി നിലയം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications