ജമ്മുവിലേക്ക് കുടിയേറണമെന്ന് സിക്കുകാര്‍
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ സിക്കുകാരെ ജമ്മുവിലേക്ക് കുടിയേറുന്നതിന് അനുവദിക്കണമെന്ന് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഫിബ്രവരി അഞ്ച് ശനിയാഴ്ച ആവശ്യപ്പെട്ടു. ഫിബ്രവരി മൂന്ന് ശനിയാഴ്ച ശ്രീനഗറില്‍ സിക്കുകാരെ ഭീകരര്‍ കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് സിക്കുകാര്‍ കുടിയേറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കും ഗവര്‍ണര്‍ ജി. എസ്.സക്സേനക്കും നിവേദനം നല്‍കി. കശ്മീരി പണ്ഡിറ്റുകള്‍ക്ക് അനുവദിച്ചതുപോലെ കുടിയേറ്റത്തിന് അനുവാദം നല്‍കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച ശ്രീനഗറില്‍ നടന്ന കൂട്ടക്കൊലയില്‍ അഞ്ച് സിക്കുകാര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക ്പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരികളായ അക്രമികള്‍ ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. കൊലയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഫിബ്രവരി 11ന് സിക്ക് നേതാക്കള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. കുടിയേറ്റത്തെ സംബന്ധിച്ച് അന്തിമതീരുമാനം ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി നേതാവ് ഹര്‍ചരണ്‍ സിംഹ് പറഞ്ഞു.
ജമ്മുവിലേക്ക് നീങ്ങുന്നത് ഒഴിവാക്കണമെന്നും ഗ്രാമങ്ങളില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ നടത്താമെന്നും ഫറൂഖ് അബ്ദുള്ളയും സക്സേനയും പറഞ്ഞു.
സംഘര്‍ഷം നിലനില്‍ക്കുന്ന മെഹ്ജൂര്‍ നഗറില്‍ ഇരുവരും സന്ദര്‍ശനം നടത്തി. സന്ദര്‍ശന വേളയില്‍ സിക്കുകാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം മുഴക്കി.
ഒരു പ്രയാസമേറിയ യുദ്ധത്തെയാണ് തങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും കൂടുതല്‍ ത്യാഗങ്ങള്‍ക്ക് സന്നദ്ധമായിരിക്കണമെന്നും സക്സേന പറഞ്ഞു. കുടിയേറ്റം അനുവദിച്ചാല്‍ തന്നെയും ജമ്മുവില്‍ സിക്കുകാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications