മോഡ ഗ്രാമം നാവികസേന ദത്തെടുക്കും
കൊച്ചി: ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയ ഗുജറാത്തിലെ മോഡ ഗ്രാമം നാവികസേന ദത്തെടുക്കും.
കച്ച് മേഖലയിലെ ഈ ഗ്രാമം ദക്ഷിണ നാവിക കമാന്‍ഡ് പുനര്‍നിര്‍മ്മിക്കുമെന്ന് നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സുശീല്‍ കുമാര്‍ ഫിബ്രവരി ആറ് ചൊവാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞു.
ഭൂകമ്പമുണ്ടായ ഉടനെ തന്നെ ഗുജറാത്ത് തീരത്തുണ്ടായിരുന്ന നാവികസേനയുടെ രണ്ട് കപ്പലുകള്‍ കണ്ട്ല തുറമുഖത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ കാര്യം നാവികസേനാ മേധാവി അനുസ്മരിച്ചു. ശസ്ത്രക്രിയയും വിദഗ്ദ്ധ ചികിത്സയും ആവശ്യമായവരെ ഈ കപ്പലുകളിലാണ് മുംബൈയിലെത്തിച്ചത്. നാവികസേനയുടെ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
സൗഹൃദത്തിന്റെ പാലം നിര്‍മ്മിക്കുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന രാജ്യാന്തര നാവികാഭ്യാസ പ്രകടനം ഫിബ്രവരി 14, 15 തീയതികളില്‍ മുംബൈയില്‍ നടക്കുമെന്ന് സുശീല്‍കുമാര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 നാവികസേനകള്‍ ഇതില്‍ പങ്കെടുക്കും. പാകിസ്ഥാനെ ക്ഷണിച്ചിരുന്നില്ല. ചൈന നാവികപ്രകടനത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ ചൈനീസ് നാവികസേനയുമായി നല്ല ബന്ധമാണുള്ളതെന്ന് സുശീല്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications