ദുരിതാശ്വാസസഹായം പ്രവഹിക്കുന്നു
കൊച്ചി: ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം പ്രവഹിക്കുന്നു. കൂടുതല്‍ സംഘടനകളും വ്യക്തികളും ഗുജറാത്തിനെ പുനരുദ്ധിക്കുന്നതിന് സഹായവുമായെത്തണമെന്ന് കേന്ദ്രസഹമന്ത്രി ഒ.രാജഗോപാല്‍ അഭ്യര്‍ഥിച്ചു.
കൊച്ചിന്‍ റിഫൈനറീസ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കിയതായി അറിയിച്ചു. സംഭാവന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഒരു വാര്‍ത്താകുറിപ്പില്‍ കൊച്ചിന്‍ റിഫൈനറീസ് അറിയിച്ചു.
മുദ്ര കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപ സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഭീമ ജ്യുവല്‍സ് ഉടമ ബിന്ദു മാധവന്‍ ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. കേന്ദ്രമന്ത്രി ഒ.രാജഗോപാലാണ് ധനസഹായം ഏറ്റുവാങ്ങിയത്.
ഗുജറാത്ത് ദുരിതാശ്വാസ നിധിയിലേക്ക് വസ്ത്രങ്ങളും മരുന്നുകളും ആഹാരങ്ങളും സംഭരിക്കുവാന്‍ ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ഫോറം തീരുമാനിച്ചു. ഒരു സംഘത്തെ ഭൂകമ്പ ബാധിതപ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്യും.
എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ (എറണാകുളം ഡിവിഷന്‍) അംഗങ്ങളുടെ വേതനത്തില്‍ നിന്നു ശേഖരിച്ച ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തു.
ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സിഎംഐ സഭ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നിന്നുള്ളവരുടെ സഹകരണം തേടി. രാജ്കോട്ട് രൂപതയുടെ നേതൃത്വത്തില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മട്ടാഞ്ചേരിയിലെ ഇന്ത്യന്‍ വ്യവസായമണ്ഡലം 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചു.












Click it and Unblock the Notifications