കൊച്ചിയില്‍ പേ ആന്റ് പാര്‍ക്ക് വ്യാപകം
കൊച്ചി: കൊച്ചി നഗരത്തില്‍ പേ ആന്റ് പാര്‍ക്ക് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. വാഹനങ്ങളുടെ എണ്ണം അനുദിനം പെരുകുകയും പാര്‍ക്കിംഗിന് റോഡരികില്‍ സ്ഥലമില്ലാതാകുകയും ചെയ്തതോടെ വഴിയരികില്‍ സ്ഥലമുള്ളവര്‍ പേ ആന്റ് പാര്‍ക്ക് കേന്ദ്രങ്ങള്‍ തുറക്കുകയായിരുന്നു.
വാഹനഉടമകളുടെ കീശക്കൊതുങ്ങുന്ന തുക ഈടാക്കി വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിന് അവസരമൊരുക്കുന്ന നിരവധി കേന്ദ്രങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് ലക്ഷം മുതല്‍ മുകളിലേക്ക് വിലയുള്ള വാഹനങ്ങള്‍ ഒരു മണിക്കൂര്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് അഞ്ച് രൂപ മുതല്‍ 20 രൂപ വരെയാണ് ഈടാക്കുന്നത്.
കച്ചേരിപ്പടിയില്‍ മൈമൂണ്‍ തിയേറ്ററിന് സമീപം കഴിഞ്ഞ വര്‍ഷമാണ് ആദ്യത്തെ പേ ആന്റ് പാര്‍ക്ക് ഒരുങ്ങിയത്. തുടര്‍ന്ന് ഇത്തരം പാര്‍ക്കുകള്‍ വ്യാപകമാവുകയായിരുന്നു. റിയല്‍ എസ്റേറ്റ് രംഗത്തെ മാന്ദ്യം മൂലം റോഡരികിലെ ഭൂമിക്ക് പോലും വില കിട്ടാതായപ്പോള്‍ പലരും പേ ആന്റ് പാര്‍ക്ക് ബിസിനസില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി.
പത്തോളം സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് ഇപ്പോള്‍ നഗരവീഥികള്‍ക്ക് ഇരുവശത്തായുമുള്ളത്. ആദ്യം തുടങ്ങിയ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമേയുണ്ടായിരുന്നുവെങ്കില്‍ കലൂരിലും ഇടപ്പള്ളിയിലും ഈയിടെ തുടങ്ങിയ കേന്ദ്രങ്ങളില്‍ ലോറികള്‍ക്കും ബസ്സുകള്‍ക്കും വരെ പാര്‍ക്കിംഗ് സൗകര്യമുണ്ട്. എംജി റോഡില്‍ രവിപുരത്തുള്ള കേന്ദ്രത്തിലാവട്ടെ വാഹനം പാര്‍ക്ക് ചെയ്യാനെത്തുന്നവര്‍ക്കായി ഒരു കഫെ തന്നെ പ്രവര്‍ത്തിക്കുന്നു.












Click it and Unblock the Notifications