ഗജവീരന്‍ തലസ്ഥാനത്ത് പരിഭ്രാന്തി പരത്തി
തിരുവനന്തപുരം: പാപ്പാന്‍ മദ്യപിച്ച് ബോധരഹിതനായതിനെ തുടര്‍ന്ന് വിരണ്ട ആന നഗരത്തില്‍ ഫിബ്രവരി ഏഴ് ബുധനാഴ്ച രാത്രി ആറു മണിക്കൂറോളം പരിഭ്രാന്തി പരത്തി.
രാത്രി പത്തു മണിയോടെ അനില്‍കുമാര്‍ എന്ന പേരുള്ള ആന പട്ടം ജംഗ്ഷനിലാണ് ആദ്യം ഗതാഗത തടസ്സമുണ്ടാക്കിയത്. മദ്യപിച്ച് ബോധരഹിതനായി റോഡരികില്‍ വീണ പാപ്പാന്‍ രാജന് ആന കാവല്‍ നില്‍ക്കുകയായിരുന്നു.
നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി ഗതാഗത തടസ്സം ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഉണര്‍ത്തിയ പാപ്പാന്‍ ആനയുടെ വാലില്‍ പിടിച്ചു നിയന്ത്രിക്കാന്‍ തുനിഞ്ഞത് പ്രശ്നം സങ്കീര്‍ണ്ണമാക്കി. വിരണ്ടുപോയ ആന നഗരവീഥികളിലൂടെ ഓട്ടം തുടങ്ങി.
തന്റെ ഉടമസ്ഥന്റെ വീട്ടില്‍ ഓടിയെത്തിയ ആന ഗേറ്റ് പൂട്ടിയിരിക്കുന്നത് കണ്ട് അവിടെ നിന്ന് വീണ്ടും ഓട്ടം തുടങ്ങി. ആന സഞ്ചരിച്ച വഴികളിലെല്ലാം ജനക്കൂട്ടം പരിഭ്രാന്തരായി ഓടി മാറി. പാപ്പാനെയും ജീപ്പില്‍ കയറ്റി പൊലീസ് ആനയെ പിന്തുടര്‍ന്നു.
ഒടുവില്‍ പൊലീസിന്റെ പട്ടികയിലുണ്ടായിരുന്ന ചില പാപ്പാന്മാരെ അവര്‍ വിളിച്ചു വരുത്തി. ഏറെ നേരത്തെ ശ്രമത്തിനു ശേഷം ഈ പാപ്പാന്മാര്‍ ആനയെ ഒരു മരത്തില്‍ തളച്ചു.പാപ്പാന്‍ രാജനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications