കേരള കോണ്‍ഗ്രസ് യോഗങ്ങള്‍ നിര്‍ണായകം
തിരുവനന്തപുരം: കേരളകോണ്‍ഗ്രസുകളുടെ ലയനത്തെ കുറിച്ച് നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കാവുന്ന ഇരുഗ്രൂപ്പുകളുടെയും ഉന്നതതലയോഗങ്ങള്‍ ഫിബ്രവരി 12നും 15നും നടക്കും.
12ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനതല നേതൃയോഗം കോട്ടയത്ത് നടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് (ജെ)യുടെ നേതൃയോഗം 15ന് തിരുവനന്തപുരത്ത് ചേരും.ഇരുപാര്‍ട്ടികളും തമ്മില്‍ ലയനത്തെ പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവെ ഇരുപാര്‍ട്ടികളുടെയും നേതൃയോഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കേരള കോണ്‍ഗ്രസുകള്‍ ലയിക്കുന്നതിന് തന്റെ ഗ്രൂപ്പ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു.
ഇരുഗ്രൂപ്പുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നേതൃയോഗങ്ങളില്‍ ലയനത്തെ കുറിച്ച് വ്യക്തമായ ഒരു തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി ബന്ധങ്ങളെ പോലും മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകാവുന്ന ഇരുഗ്രൂപ്പുകളുടെയും യോഗങ്ങളെ നിര്‍ണായകമായാണ് രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്.












Click it and Unblock the Notifications