ഹൃദയത്തിന്റെ അധ്വാനം കുറക്കുന്ന മരുന്ന്
കൊച്ചി: ഹൃദയത്തിന്റെ അധ്വാനം കുറക്കുന്ന ബീറ്റാ ബ്ലോക്കേഴ്സ് മരുന്നുകളുടെ ഉപയോഗം ജീവിതദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന സിദ്ധാന്തവുമായി കൊച്ചിയിലെ ഡോക്ടര്‍.
മധ്യവയസ് പിന്നിട്ടവരിലും ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലും ബീറ്റാ ബ്ലോക്കേഴ്സ് ഉപയോഗിക്കുന്നത് ഹൃദ്രോഗം അകറ്റുമെന്നും ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്നുമാണ് കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോക്ടര്‍ കെ.ടി.സേവ്യറുടെ വാദം.
സാധാരണയായി രക്തം പമ്പ് ചെയ്യുന്നതിനൊപ്പം മിനിട്ടില്‍ 72 തവണയാണ് ഹൃദയം മിടിക്കുന്നത്. ഇതിനെ നിയന്ത്രിക്കുന്ന ഞരമ്പുകളെ സ്വാധീനിക്കുന്ന മരുന്നുകളാണ് ബീറ്റാബ്ലോക്കേഴ്സ്. ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതോടെ ഹൃദയമിടിപ്പ് മിനിറ്റില്‍ അറുപതായി കുറയും. ബീറ്റാ ബ്ലോക്കേഴ്സ് ഉപയോഗിക്കുന്നതോടെ ഹൃദയത്തിന് 12 തവണ കുറച്ച് മിടിച്ചാല്‍ മതിയാകും.
തുടര്‍ച്ചയായി 12 വര്‍ഷം ബീറ്റാ ബ്ലോക്കേഴ്സ് ഉപയോഗിച്ചാല്‍ ഹൃദയത്തിന് 6,30,72,000 തവണ മിടിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം ലാഭിക്കാന്‍ കഴിയും. ശരീരത്തിന്റെ മറ്റേതെങ്കിലും അവയവത്തിന് വിശ്രമം നല്‍കുന്നതിന് തുല്യമാകും ഇതെന്ന് ഡോ.സേവ്യര്‍ വിശദീകരിക്കുന്നു. ഇത്രയും ഓക്സിജനും ഊര്‍ജവും കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കൂടുതലായി നിര്‍ത്തും.
ഈ സിദ്ധാന്തം ഇതുവരെ മറ്റാരും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് ഈ പുതിയ സിദ്ധാന്തം ഡോക്ടര്‍ അയച്ചുകൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications